
ആറ്റിങ്ങൽ: ആട്ടോറിക്ഷാ ചാർജ് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 30ന് കേരളത്തിലെ ആട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലുള്ള പണിമുടക്കിൽ മുഴുവൻ ആട്ടോറിക്ഷ തൊഴിലാളികളും പങ്കെടുക്കണമെന്ന് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. 2014ലാണ് അവസാനമായി നിർക്ക് വർദ്ധിപ്പിച്ചത്. കിലോമീറ്ററിന് 12 രൂപയും മിനിമം ചാർജ് 25 രൂപയുമാണ് ഇപ്പോഴും. പെട്രോളിന് ലിറ്ററിന് 72 രൂപ വില നിൽക്കുമ്പോഴാണ് ചാർജ് വർദ്ധിപ്പിച്ചത്. പെട്രോളിന് ഇപ്പോൾ 106 രൂപയായി ഉയർന്നു. തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് പണിമുടക്ക്. കൺവെൻഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് അഡ്വ.കെ. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. സി. പയസ്, എം. മുരളി, ആർ.പി. അജി, എസ്. ലോറൻസ്, എ. അൻഫർ, എസ്. ബൈജു, അക്ബർഷ തുടങ്ങിയവർ സംസാരിച്ചു. എസ്. രാജശേഖരൻ (പ്രസിഡന്റ്) എസ്. ജോയി (സെക്രട്ടറി) അഡ്വ. പ്രദീപ് കുമാർ (ട്രഷറർ) എന്നിവരുൾപ്പെട്ട 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.