തിരുവനന്തപുരം: ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികളെ തെരുവിൽ നിറുത്തുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതീകാത്മക ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച കെ.ജി.എം.ഒ. ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ് നോട്ടീസ് വിതരണം നടത്തി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം സമരക്കാർക്ക് ചെറിയ രീതിയിൽ മധുരം വിളമ്പി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ.ടി.എൻ. സുരേഷ് പറഞ്ഞു.
പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടന്നുവരുന്ന നിൽപ്പ് സമരം പതിനേഴാം ദിവസം പിന്നിട്ടു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ. റിഷാദ് മേത്തർ, ഡോ. സേതുമാധവൻ, ഡോ. ശരത്ചന്ദ്രബോസ്, ഡോ. ലിജോ, ഡോ. സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.