
എതിർത്തവർ തന്നെ നല്ല മനസോടെ അനുകൂലിക്കുന്നു
തിരുവനന്തപുരം : വികസനത്തിന്റെ കാര്യത്തിൽ ഇവിടെ ഒന്നും നടക്കില്ലെന്ന പൊതുധാരണ മാറിയെന്നും, ഇപ്പോൾ നിരാശയ്ക്ക് പകരം പ്രത്യാശയാണ് ജനങ്ങൾക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഐ.എം.ജി ബാർട്ടൺഹിൽ കാമ്പസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നടക്കില്ലെന്ന് വിശ്വസിച്ചിരുന്ന പല കാര്യങ്ങളും നടന്നു. ദേശീയ പാത വികസനവും ഗെയിൽ പൈപ്പ്‍ ലൈനുമടക്കം പൂർത്തീകരിച്ചു. എതിർപ്പുകൾക്ക് കാര്യമില്ലെന്ന് കാര്യകാരണ സഹിതം വിശദീകരിച്ചപ്പോൾ എതിർത്തവർ തന്നെ നല്ലമനസോടെ അനുകൂലിച്ചു. നാടിന്റെ വികസനം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ നല്ല സമീപനം സ്വീകരിക്കണം. ജനങ്ങളെ സേവിക്കാനാണ് സർക്കാർ എല്ലാ സൗകര്യവും ഒരുക്കുന്നതെന്ന ബോദ്ധ്യം വേണം. കെ.എ.എസ് നടപ്പിലാക്കാൻ പല സർക്കാരുകളും ശ്രമിച്ചു. പലരും ഇതൊരിക്കലും സംഭവിക്കില്ലെന്ന് കരുതി. ജനങ്ങളുടെ പിന്തുണ ഈ സർക്കാരിനുണ്ടായിരുന്നു. കെ.എ.എസ് നടപ്പാക്കിയതിൽ പി.എസ്.സി പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
കരുത്തുറ്റ സിവിൽ സർവീസ് വഴിയേ ജനങ്ങളെ സേവിക്കാനാകൂ. ഇതിനായി തസ്തിക വെട്ടിക്കുറക്കുകയല്ല, കൂട്ടുകയാണ് ചെയ്തത്. ഭരണ ഭാഷ മലയാളമാക്കാനുള്ള സർക്കാർ നടപടിയെടുക്കുമ്പോഴും മറ്റ് ഭാഷകളോട് വിയോജിപ്പില്ല. സങ്കീർണത അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണിലൂടെ വേണം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ഇതിന് നിയമവും ചട്ടവും പ്രതിസന്ധിയാണെങ്കിൽ അവ മാറ്റും. ഐ.എ.എസും കെ.എ.എസും തമ്മിൽ ശരിയായ ബന്ധം വളർത്തിയെടുക്കണം. പ്രത്യേക കേഡറായി നിലനിൽക്കുകയെന്നതല്ല, പരസ്പരം ബന്ധിപ്പിക്കുന്ന രാസത്വരകമായി മാറണം-മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഓരോ സ്ട്രീമിലും ഒന്നാം റാങ്ക് നേടിയവരെ മുഖ്യമന്ത്രി ഐഡൻറ്റിറ്റി കാർഡ് അണിയിച്ചു. മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ പങ്കെടുത്തു.