d

സേതുമാധവൻ സാർ എന്റെ ഗുരുനാഥനാണ്. 1983 മുതൽ 86വരെ അദ്ദേഹത്തിന്റെ സിനിമകളിൽ അസിസ്‌റ്റന്റ് ഡയറക്ടറായിരുന്നു,​ ഞാൻ. ആരോരുമറിയാതെ എന്ന സിനിമയിലാണ് അദ്ദേഹത്തിനൊപ്പം ആദ്യമായി ജോലി ചെയ്തത്. ഞാൻ കഥയെഴുതി ജോൺപോൾ തിരക്കഥ തയ്യാറാക്കിയ സിനിമ അദ്ദേഹമാണ് സംവിധാനം ചെയ്തത്.

ഞാൻ സംവിധായകനായി രൂപപ്പെടാൻ കാരണം സേതുസാറാണ്. സേതുസാറിന്റെ സിനിമകളുടെ സുവർണകാലം ഞാൻ സ്‌കൂളിലും കോളേജിലും പഠിക്കുമ്പോഴായിരുന്നു. സിനിമ ഇഷ്ടപ്പെട്ടുതുടങ്ങിയതു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ്. മലയാള സിനിമ നാടകശൈലിയിൽ ഒതുങ്ങിയ കാലത്താണ് അദ്ദേഹത്തിന്റെ വരവ്. തിരനാടകം എന്ന് സ്ക്രീനിൽ എഴുതിക്കാണിച്ചിരുന്നതിനെ തിരക്കഥ എന്നാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

മലയാള സാഹിത്യത്തെ സിനിമയുമായി കൂട്ടിയിണക്കിയതും അദ്ദേഹമാണ്. ഒരു നടനെന്ന നിലയിൽ സത്യനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത് അദ്ദേഹമാണ്. പാറപ്പുറത്തിന്റെ അരനാഴികനേരം എന്ന നോവൽ അതേപേരിൽ സിനിമയാക്കിയപ്പോൾ അതിനാവശ്യമായ സീനുകൾ മാത്രമേ എടുത്തുള്ളൂ. സാഹിത്യസൃഷ്ടിയുടെ ആത്മാവ് നഷ്ടപ്പെടാതെ സിനിമയൊരുക്കാൻ അപാരമായ കഴിവായിരുന്നു. അതിലെ പ്രധാന വേഷമായ കുഞ്ഞേനാച്ചനെ അവതരിപ്പിച്ചത് സ്ഥിരം നായകനായ സത്യനല്ല,​ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു.

താനൊരു കഥപറച്ചിലുകാരനാണെന്ന് സാർ എപ്പോഴും പറയുമായിരുന്നു. സാങ്കേതിക അഭ്യാസങ്ങൾ കാണിക്കാൻ ഒരിക്കലും സാഹസപ്പെട്ടില്ല. കഥയ്‌ക്ക് ആവശ്യമില്ലാത്ത ഒരു ഷോട്ടും എടുത്തിരുന്നില്ല. വലിയൊരു പാഠപുസ്‌തകമായിരുന്നു അദ്ദേഹം. വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. അവസാനം കണ്ടത് കൊവിഡിനു മുമ്പാണ്. ഒരു മാസം മുമ്പുവരെ ഫോണിൽ സംസാരിച്ചിരുന്നു. മലയാള സിനിമയ്‌ക്കൊപ്പം വ്യക്തിപരമായ നഷ്ടം കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗം.