
തിരുവനന്തപുരം : ഒമിക്രോൺ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നവരുടെ തിരക്ക് പരമാവധി കുറയ്ക്കാൻ ഇ-സഞ്ജീവനി വീണ്ടും ശക്തിപ്പെടുത്തി. 47 സ്പെഷ്യാലിറ്റി ഒ.പികളാണ് ഇ-സഞ്ജീവനിയിലുള്ളത്. കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങളും ഉറപ്പാക്കിയെന്ന് മന്ത്രി വീണാജോർജ്ജ് അറിയിച്ചു. ആകെ 5,800 ഓളം ഡോക്ടർമാരുടെ സേവനം ലഭിക്കും. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് ഒ.പിയിൽ ഒമിക്രോൺ സേവനങ്ങളും ലഭ്യമാണ്. പുതുതായി രോഗം വരുന്നവർക്കും തുടർ ചികിത്സയ്ക്കുമെല്ലാം ഇ-സഞ്ജീവനി വഴി ചികിത്സ തേടാം.
സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹസന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശാ വർക്കർമാർ, സ്റ്റാഫ് നഴ്സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ എന്നിവർക്കും ഇ-സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാം. രോഗികൾക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പോകാതെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ഡോക്ടർ ടു ഡോക്ടർ പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്തോ ഉപയോഗിക്കാം.
മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം. വീഡിയോ കോൺഫറൻസിംഗ് വഴി ഡോക്ടറോട് സംസാരിക്കാം. മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.