
തിരുവനന്തപുരം: സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കടന്നു കയറി. ലംഘിക്കാൻ പാടില്ലാത്ത യാത്രാ പ്രോട്ടോക്കോളും സുരക്ഷാ ക്രമീകരണവും എങ്ങനെ മറികടന്നു എന്നത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗം കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം.
വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 11.05നാണ് രാഷ്ട്രപതി കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. അവിടെനിന്ന് പി.എൻ പണിക്കർ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകുംവഴിയാണ് സംഭവം. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ പ്രകാരം മേയർ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിനുശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയത്. സാധാരണഗതിയിൽ ഇറങ്ങുന്ന മുറയ്ക്ക് ഓരോ വാഹനവും അനുഗമിക്കാനേ പാടുള്ളൂ. എന്നാൽ,
ആൾസെയിന്റ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം പാഞ്ഞു. ജനറൽ ആശുപത്രിക്ക് സമീപം വച്ച് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നിൽ കയറി. പുറകിലുള്ള വാഹനങ്ങൾ പൊടുന്നനെ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.
പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. ഇവ എങ്ങനെ കടന്നു പോകണമെന്ന് ട്രയൽ നടത്തി ഉറപ്പാക്കാറുണ്ട്. എന്നിട്ടും ഇത്തരം സംഭവം ഉണ്ടായത് പൊലീസിനും നാണക്കേടായി. ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമല്ലെങ്കിലും സുരക്ഷാകാര്യത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി അറിയില്ലെന്നും രാഷ്ട്രപതിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയായിരുന്നുവെന്നും മേയർ ആര്യ രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.