d

തിരുവനന്തപുരം: 1974 'നാളെ നമതേ' എന്ന സിനിമയുടെ ചെന്നൈയിലെ ലൊക്കേഷൻ. താരരാജാവ് എം.ജി.ആറാണ് നായകൻ. സംവിധാനം ചെറുപ്പക്കാരനായ കെ.എസ്.സേതുമാധവൻ. ഷൂട്ടിംഗിന്റെ രണ്ടാം ദിനം എം.ജി.ആറിന്റെ മുഖത്തുനോക്കി സേതുമാധവൻ ചോദിച്ചു ''നാളെ നിങ്ങൾ എപ്പോഴാണ് വരിക?''

കേട്ടവർ ഞെട്ടി. എം.ജി.ആറിനോട് ആരും ഇങ്ങനെ സംസാരിക്കാറില്ല. എം.ജി. ആർ. വരുന്നതാണ് സമയം. സംവിധായകർ ഉൾപ്പെടെ കാത്തു നിൽക്കും. താരങ്ങളുടെ ശീലങ്ങൾ വകവയ്‌ക്കാത്ത സേതുമാധവൻ തുടർന്നു ''നാളെയും നിങ്ങൾ പത്തേമുക്കാലിനാണ് വരുന്നതെങ്കിൽ ഷെഡ്യൂൾ പുനഃക്രമീകരിക്കണം. വെറുതെ സമയം കളയാനാവില്ല''.

എം.ജി.ആർ ഒന്നും മിണ്ടാതെ പോയി. സേതുമാധവൻ എം.ജി.ആറിന്റെ കാലുപിടിക്കുമെന്ന് പലരും പ്രവ‌ചിച്ചു. അടുത്ത ദിവസം സേതുമാധവൻ സ്റ്റുഡിയോയിലെത്തിയപ്പോൾ എം.ജി.ആർ മേക്കപ്പിട്ട് കാത്തിരിപ്പുണ്ടായിരുന്നു.

നാളെ നമതെ വൻ ഹിറ്റായി. എം.എസ്. വിശ്വനാഥൻ സംഗീതമിട്ട 'നാളെ നമതേ...' എന്ന ഗാനം ഇന്നും ഹിറ്റാണ്.

1961. സേതുമാധവൻ 'കണ്ണും കരളും' ഒരുക്കുന്നു. മെഗാതാരം സത്യൻ അഭിനയിക്കുന്നു. സേതുമാധവന് 28 വയസ്. സത്യനെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്ത് സേതുമാധവന് നെഞ്ചിടിപ്പ്. ''ഗുഡ്‌മോണിംഗ് ഡയറക്ടർ സാർ'' ഒരു സുന്ദരൻ പുഞ്ചിരിയോടെ സത്യൻ വന്നു. 'സാർ' എന്ന് സത്യൻ വിളിച്ചതോടെ സേതുമാധവന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. പയ്യൻ സംവിധായകനു മുന്നിൽ സത്യൻ അനുസരണയുള്ള കുട്ടിയായി. പ്രേംനസീറും ഇങ്ങനെയായിരുന്നു.

ലൊക്കേഷനിൽ സിഗരറ്റ്‌ വലിച്ച തിക്കുറിശ്ശിയോട് സേതുമാധവൻ ഒരിക്കൽ പറഞ്ഞു ''ഇതൊരു പരിശുദ്ധസ്ഥലമാണ്. പുകവലിക്കണമെങ്കിൽ നിങ്ങൾക്ക് പുറത്തുപോയി വലിക്കാം'' ഒരക്ഷരം മിണ്ടാതെ തിക്കുറിശ്ശി പുറത്തേക്കു പോയി. അച്ചടക്കം പാലിക്കാൻ ചില താരങ്ങളോട് സേതുമാധവൻ പരുഷമായി സംസാരിച്ചിട്ടുണ്ട്.

കെ.എസ് സേതുമാധവൻ എന്ന് പേര് ബഹുമാനത്തോടെ മാത്രമേ സിനിമാലോകത്ത് മുഴങ്ങാറുള്ളൂ. അച്ചടക്കമുള്ള ജീവിതരീതിയിലൂടെയും സൗമ്യവും കുലീനവുമായ പെരുമാറ്റത്തിലൂടെയും അദ്ദേഹം ആർജ്ജിച്ച ആദരവാണത്.

സാഹിത്യ കൃതികൾ

മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ കെ.എസ് സേതുമാധവനാണ്. തകഴി ശിവശങ്കരപിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി, മുട്ടത്തുവർക്കി, തോപ്പിൽ ഭാസി, മലയാറ്റൂർ രാമകൃഷ്ണൻ, ഉറൂബ്, കെ.ടി മുഹമ്മദ്, എം.ടി വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ, അയ്യനേത്ത്, പാറപ്പുറത്ത് തുടങ്ങി പ്രമുഖരുടെയെല്ലാം കൃതികൾ അദ്ദേഹം സിനിമയാക്കിയിട്ടുണ്ട്. തമിഴിലെ ഇന്ദിരാ പാർത്ഥസാരഥി, ബാലഹരി, തെലുങ്കിലെ പത്മരാജൻ തുടങ്ങിയവരുടെ രചനകൾക്കും ചലച്ചിത്രഭാഷ്യം നൽകി. സേതുമാധവന്റെ സംവിധാനത്തിൽ സാഹിത്യകൃതികളുടെ കലാമേന്മ വർദ്ധിച്ചതേയുള്ളൂ. ജനപ്രീതി നേടാത്ത രചനകൾ പോലും സേതുമാധവൻ മികച്ച ചലച്ചിത്രങ്ങളാക്കി

അതേസമയം, നാടകീയതയിൽ നിന്നും അതിവൈകാരികതയിൽ നിന്നും മലയാള സിനിമയെ മോചിപ്പിച്ച് റിയാലിറ്റിയിലേക്ക് കൊണ്ടുവരികയും ചെയ്തു. എക്കാലത്തെയും മികച്ച സിനിമകളായ ഓടയിൽനിന്ന്, യക്ഷി, കടൽപ്പാലം, അച്ഛനും ബാപ്പയും, അരനാഴിക നേരം, പണിതീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജ്ജൻമം, ഒാപ്പോൾ, വാഴ്‌വേമായം, ജീവിക്കാൻ മറന്നുപോയ സ്ത്രീ, ചട്ടക്കാരി, ഒരു പെണ്ണിന്റെ കഥ തുടങ്ങിയവ സേതുമാധവനാണ് സംവിധാനം ചെയ്‌തത്.

സിനിമയിലേക്ക് വഴി തുറന്നത് ഒ.വി.വിജയൻ

ബിരുദം നേടിയ ശേഷം സിനിമാമോഹവുമായി ചെന്നൈയിലും കോയമ്പത്തൂരിലുമൊക്കെ അലഞ്ഞ കാലം. മഴപെയ്ത ഒരു സായാഹ്നത്തിൽ കുടുംബസുഹൃത്തായ ഒ.വി വിജയൻ രണ്ടു സുഹൃത്തുക്കളുമായി സേതുമാധവന്റെ മുറിയിൽ വന്നുകയറി. സിനിമാസ്വപ്നങ്ങളെക്കുറിച്ച് സേതുമാധവൻ പറഞ്ഞു. വിജയന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പിതാവ് കോയമ്പത്തൂരിൽ പൊലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ശുപാർശയിൽ കോയമ്പത്തൂർ സെൻട്രൽ സ്റ്റുഡിയോയിൽ പ്രശസ്ത ഛായാഗ്രഹകൻ കെ.രാമനാഥന്റെ അപ്രന്റീസായി സേതുമാധവൻ. സിനിമാലോകത്തേക്കു തുറന്നുകിട്ടിയ വാതിലായിരുന്നു അത്. പിന്നീട് സേലത്തെയും മദ്രാസിലെയും മോഡേൺ തിയേറ്റേഴ്സിൽ ജോലി ചെയ്തു. അക്കാലത്ത് തമിഴ്, സിംഹള സിനിമകളുടെ നിർമ്മാണം മോഡേൺ തിയേറ്റേഴ്സിലാണ്. മോഡേൺ ഉടമ ടി.ആർ സുന്ദരത്തിനൊപ്പം മൂന്ന് വർഷം സഹസംവിധായകനായി. മോഡേണിലെ സൗഹൃദങ്ങളാണ് ആദ്യമായി 'വീരവിജയം' എന്ന സിംഹള സിനിമ സംവിധാനം ചെയ്യാൻ സഹായിച്ചത്.

സിനിമാ മോഹത്തിന് കാരണം 'ദ കീസ് ഓഫ് കിങ്ഡം'

കെ.ആർ സുബ്രഹ്മണ്യം - ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. കുരുക്കൾപാടം സുബ്രഹ്മണ്യം സേതുമാധവൻ എന്ന് മുഴുവൻ പേര്. ഫോറസ്റ്റ് ഓഫീസറായ പിതാവിനൊപ്പം തമിഴ്നാട്ടിലായിരുന്നു ബാല്യകാലം. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് കുടുംബം തിരികെ പാലക്കാട്ട് എത്തി. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. വിക്ടോറിയ കോളജിൽ ഇന്റർമീഡിയറ്റ്. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം.

കോളജ് കാലത്ത് കണ്ട 'ദ കീസ് ഓഫ് കിങ്ഡം' എന്ന ഇംഗ്ലീഷ് സിനിമയാണ് സിനിമയിൽ താത്പര്യം ജനിപ്പിച്ചത്. 1941ൽ എ.ജെ. കോണിൻ രചിച്ച ദി കീസ് ഓഫ് ദ കിംഗ്ഡം എന്ന നോവലിനെ അടിസ്ഥാനമാക്കി 1944ൽ ഇറങ്ങിയ അമേരിക്കൻ സിനിമയായിരുന്നു അത്. ജോൺ എം സ്റ്റാളായിരുന്നു സംവിധായകൻ. ആ നോവൽ തേടിപ്പിടിച്ചു വായിച്ചു. തുടർന്ന് ക്ലാസിക് സിനിമകൾ കാണുന്നതും സിനിമയ്ക്ക് ആസ്പദമായ സാഹിത്യകൃതികൾ വായിക്കുന്നതും പതിവാക്കി.