
പോത്തൻകോട്: ഈ വർഷത്തെ അക്ഷരപ്രതിഷ്ഠ ശതാബ്ദി പുരസ്‌കാരം ഡോ. വെള്ളായണി അർജുനന് നൽകാൻ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഗുരുദേവൻ മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നടത്തിയ പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി 31ന് വാവറമ്പലത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ ' അക്ഷര പ്രതിഷ്ഠാശതാബ്ദി പുരസ്‌കാരം ' നൽകും. ശിവഗിരി തീർത്ഥാടകർക്ക് ഗുരുപൂജ പ്രസാദം നൽകി ആദരിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തീർത്ഥാടന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണവും നടക്കും. ചെയർമാൻ കെ.എസ്. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, കരിക്കകം ബാലചന്ദ്രൻ, അഡ്വ. വിജയൻ, ടി. തുളസി, ബാബു സുശ്രുതൻ, എ. രാജു, വലിയമല സുകു, അഖിലേഷ് കുമാർ, ശ്രീകുമാർ അടൂർ, സഹദേവനാശാരി തുടങ്ങിയവർ പങ്കെടുക്കും.