
തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ കേക്ക് ചലഞ്ച് നടൻ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. പേയാടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ജഗതി ശ്രീകുമാറിന്റെ മകൻ രാജ്കുമാർ, ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അരുൺ, രക്ഷാധികാരികളായ ഭാസ്‌കരൻ, അശോകൻ, ജില്ലാ സെക്രട്ടറി റഫീഖ്, ജോയിന്റ് സെക്രട്ടറി ബൈജു തുടങ്ങിയവർ പങ്കെടുത്തു.
കേക്ക് ചലഞ്ചിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് അസോസിയേഷൻ രക്ഷാധികാരി ഭാസ്‌കരൻ പറഞ്ഞു. മമ്മൂട്ടി - കെ. മധു - എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.ഐ 5ലൂടെ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ജഗതി ശ്രീകുമാർ.