
നെടുമങ്ങാട്: നഗരസഭയും ആനാട് ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന പഴകുറ്റിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായി. പൊതുസ്ഥലങ്ങളിലും ഇടറോഡുകളിലും കാൽനടയാത്രയും ടൂവീലർ യാത്രയും ഏറെ ദുഷ്കരമായിരിക്കുകയാണ്. പഴകുറ്റി, ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ, വേങ്കവിള എന്നിവിടങ്ങളിൽ പകലും രാത്രിയും ഒരുപോലെ അപകടകാരികളാണ് ഇവ.
രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വേങ്കവിള മുതൽ പഴകുറ്റി വരെ യാത്ര ചെയ്താൽ തെരുവ്നായയുടെ കടിയേൽക്കുമെന്നതിൽ സംശയമില്ല. സ്കൂൾ വിദ്യാർത്ഥികളുടെ കാര്യമാണ് ഏറെ കഷ്ടം. രക്ഷിതാക്കൾ ഭീതിയോടെയാണ് ഇവരെ സ്കൂളിൽ വിടുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ ഓട്ടോറിക്ഷ വരാത്തതിനാൽ നടക്കുകയല്ലാതെ വേറെ വഴിയില്ല.
സന്ധ്യ മയങ്ങിയാൽ കൂട്ടത്തോടെയാണ് നായ്ക്കൾ വിഹരിക്കുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കാൻ മുൻകാലങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതർ മുൻകൈയെടുത്തിരുന്നു. മാസങ്ങളായി ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് തെരുവ് നായ്ക്കളെ പിടിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വേങ്കവിള നവഭാവന റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വേങ്കവിള സുരേഷും സെക്രട്ടറി അനിൽകുമാറും ആവശ്യപ്പെട്ടു.