
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതിന്റെ 96-ാം വാർഷികം നാളെ ആചരിക്കും. 1925 ഡിസംബർ 26ന് കാൺപൂരിലാണ് സി.പി.ഐ രൂപം കൊണ്ടത്.
പാർട്ടി ഓഫീസുകൾ ചെങ്കൊടി ഉയർത്തി ദിനാചരണം നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ സമ്മേളനം ചേരും.
ഇന്ത്യൻ ദേശീയതയെയും ദേശീയ ഐക്യത്തെയും രാഷ്ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സമീപിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി, വി.എച്ച് .പി, ആർ.എസ്.എസ് സംഘടനകൾ കടുത്ത ഹിന്ദുത്വ കാമ്പെയിൻ അഴിച്ചു വിടുകയും ബാബറി മസ്ജിദും തുടർന്ന് മറ്റ് പലതും തകർക്കാൻ പരിപാടിയിടുകയും ചെയ്തപ്പോൾ ആദ്യം അതിനെതിരെ രംഗത്തു വന്നത് സി.പി.ഐയാണെന്നും കാനം പറഞ്ഞു. സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു രാവിലെ 10ന് പതാക ഉയർത്തും.