k-jayachandrababu

ശിവഗിരി: ആദ്ധ്യാത്മികതയും ലൗകികതയും സമന്വയിപ്പിക്കുന്നതിലാണ് ഗുരുദേവ ദർശനത്തിന്റെ പ്രസക്തിയെന്ന് ആദ്ധ്യാത്മിക പ്രഭാഷകനായ കെ.ജയചന്ദ്രബാബു പറഞ്ഞു. 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്നു വരുന്ന ആദ്ധ്യാത്മിക സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയും ലൗകികതയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. ശങ്കരന്റെ അദ്വൈതദർശനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും മായാവാദം അതേപടി ശ്രീനാരായണഗുരുദേവന് സ്വീകാര്യമായിരുന്നില്ല. ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന ശങ്കരമതത്തിനു പകരം "സകലതുമുള്ളതുതന്നെ, തത്വചിന്താഗ്രഹനിത് സർവ്വവും ഏകമായ് ഗ്രഹിക്കും" എന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. വേദാന്തത്തിന്റെ അടിസ്ഥാന തത്വങ്ങൾ അഞ്ച് സംസ്കൃതപദ്യങ്ങളിൽ സംഗ്രഹിച്ചെഴുതിയതാണ് ബ്രഹ്മവിദ്യാപഞ്ചകം. അദ്വൈതസത്യത്തെ കരതലാമലകം പോലെ പ്രകാശിപ്പിക്കുന്ന ഈ കൃതി ഗുരുദേവന്റെ കവിത്വഭംഗിക്കും ദാർശിനിക ഗരിമയ്ക്കും ഉത്തമ നിദർശനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ഗുരുപ്രസാദ്, സ്വാമി ധർമ്മാനന്ദ, ഡോ.എം.ജയരാജു, ഇ.എം.സോമനാഥൻ എന്നിവർ പങ്കെടുത്തു.