choozhattukotta

മലയിൻകീഴ്: സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറി ചൂഴാറ്റുകോട്ട പാമാംകോട് രേവവന്ദനത്തിൽ കെ. സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവം മൂന്നാഴ്ച പിന്നിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. വീട്ടിൽ നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചെങ്കിലും പ്രതി ഇപ്പോഴും കാണാമറയത്താണ്.

അടുത്തിടെ പരോളിൽ ഇറങ്ങിയ നിരവധി മോഷ്ടാക്കളുടെ വിരലടയാളം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇക്കഴിഞ്ഞ 5ന് സുനിൽകുമാറും കുടുംബവും തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ പോയ സമയത്താണ് വീടിന്റെ അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവന്റെ സ്വർണാഭരണങ്ങളും പതിനായിരം രൂപയും അപഹരിച്ചത്.

മോഷണം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും ഇതോടെ അന്വേഷണം അവസാനിച്ചതായും പരാതിയുണ്ട്.

സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനൊരുങ്ങുകയാണ് സുനിൽകുമാർ. എന്നാൽ മോഷണത്തെ സംബന്ധിച്ച് ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചതായും മോഷ്ടാക്കൾ ഉടൻ പിടിയിലാകുമെന്നും മലയിൻകീഴ് എസ്.എച്ച്.ഒ സൈജു അറിയിച്ചു.