
തിരുവനന്തപുരം: കനത്ത മഴയിലും കടലാക്രമണത്തിലും തകർന്ന എയർപോർട്ട്-ശംഖുംമുഖം റോഡിന്റെ പുനർനിർമ്മാണം മാർച്ചിന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശംഖുംമുഖത്തെ നിർമ്മാണപ്രവർത്തനങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജുവിനൊപ്പം വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2018 മുതൽ തുടർച്ചയായുണ്ടായ കടൽക്ഷോഭവും പ്രളയവും ടൗട്ടേ ചുഴലിക്കാറ്റുമാണ് ശംഖുംമുഖം തീരത്ത് ബീച്ചിന്റെയും റോഡിന്റെയും തകർച്ചയ്ക്ക് ഇടയാക്കിയത്. ഇവിടെ റോഡ് പുനർനിർമ്മിക്കുന്നതിനായുള്ള പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഡയഫ്രം വാളിന്റെയും ഗൈഡ് വാളിന്റെയും നിർമ്മാണ പുരോഗതി ഇരുമന്ത്രിമാരും നേരിട്ട് വിലയിരുത്തി. 6.39 ലക്ഷം രൂപയാണ് ഡയഫ്രം വാളിനായി വകയിരുത്തിയത്. റോഡ് നിർമ്മാണമുൾപ്പെടെ 1.66 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. മന്ത്രിയുടെ ഓഫീസ് നേരിട്ടും പൊതുമരാമത്ത് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ചീഫ് എൻജിനിയർ തുടങ്ങി ഉദ്യോഗസ്ഥരും നിർമ്മാണ പുരോഗതി നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഗൈഡ് വാളിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. ഫെബ്രുവരിയിൽ ഡയഫ്രം വാളും പൂർത്തീകരിക്കും.
ഊരാളുങ്കലിന് വിമർശനം
നിർമ്മാണ പ്രവൃത്തികൾ നടത്തുന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സഹകരണ സംഘത്തിന് മന്ത്രിയുടെ വിമർശനം. കഴിഞ്ഞദിവസം നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സൊസൈറ്റി പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ചപ്പോഴാണ് സി.പി.എം ആഭിമുഖ്യത്തിലുള്ള ഊരാളുങ്കലിനെ മന്ത്രി വിമർശിച്ചത്. സമയബന്ധിതമായും ഗുണമേന്മയോടും നിർമ്മാണം പൂർത്തീകരിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ശംഖുംമുഖത്തെയും പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അതിന്റെ പേരിൽ ആർക്കും പ്രത്യേക ഇളവുകളൊന്നുമില്ല. ആർക്കും പട്ടമൊന്നും ചാർത്തി നൽകിയിട്ടില്ലെന്നും ഊരാളുങ്കലിനെ പരോക്ഷമായി പരാമർശിച്ച് മന്ത്രി പറഞ്ഞു.
ഇൻസെന്റീവും പിഴയും
നിർമ്മാണ പ്രവൃത്തികൾ ഗുണമേന്മ ഉറപ്പാക്കിയും സമയബന്ധിതമായും പൂർത്തിയാക്കുന്ന കരാറുകാർക്ക് മൊത്തം അടങ്കൽ തുകയുടെ ഒരു ശതമാനം ഇൻസെന്റീവായി നൽകുന്ന കാര്യം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വെളിപ്പെടുത്തി. പ്രവൃത്തികളിൽ അലംഭാവം കാട്ടുന്നവരിൽ നിന്ന് പിഴ ചുമത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്.