f

തിരുവനന്തപുരം: തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങൾക്ക് തടയിടാൻ കഴിയുന്നില്ലെന്ന വിമർശനത്തിന് മറുപടിയായി ശക്തമായ നടപടികളുമായി പൊലീസ്. പത്ത് ദിവസത്തിനുള്ളിൽ പിടികിട്ടാപ്പുള്ളികളായ 225 പേരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ പലരും പിടിയിലായത് മറ്റ് ജില്ലകളിൽ നിന്നാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലായി വാറണ്ട് പ്രതികളായ 410 പേരെയും അറസ്റ്റ് ചെയ്തു. 1500ഓളം റെയ്ഡുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്ത് ദിവസത്തിനുള്ളിൽ നടന്നു. എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. 68 ലഹരിക്കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളിൽ 21 ഗുണ്ടാ ആക്രമണ കേസുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്. കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 41 സ്റ്റേഷനുകളുള്ള റൂറൽ പരിധിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനയും അറസ്റ്റും നടന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘർഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

 കാവലാളായി ഓപ്പറേഷൻ ട്രോജനും കാവലും

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ ഗുണ്ടാ ആക്രമണങ്ങൾക്ക് തടയിടാനും കൊടുംക്രിമനലുകളെ പിടികൂടാനുള്ള ഓപ്പറേഷൻ ട്രോജൻ, മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കുന്നതിനും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ഓപ്പറേഷൻ കാവൽ എന്നിവയിലൂടെയാണ് പരിശോധനയും അറസ്റ്റും നടന്നത്.

നടപടികൾ ഇപ്രകാരം

1. വിവിധ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ്, സംശയമുള്ള ഇടങ്ങളിൽ രഹസ്യ പരിശോധന

2. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് പട്രോളിംഗ്

3. ജില്ലാ അതിർത്തികളിൽ കർശന പരിശോധന

4. ലോക്കൽ പൊലീസ്, ഹൈവേ പൊലീസ്, കൺട്രോൾ റൂം സംഘം, ബൈപ്പാസിലെ പരിശോധനയ്ക്ക് ബൈപ്പാസ് ബീക്കൺസ്, പിങ്ക് പൊലീസ് എന്നിവയുടെ ഏകോപനം

5. രാത്രി കാലങ്ങളിൽ അതത് സ്റ്റേഷൻ പരിധിയിൽ പ്രത്യേക പട്രോളിംഗ്

6. അക്രമകാരികളായ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാൽ കരുതൽത്തടങ്കൽ

7. ജാമ്യത്തിലിറങ്ങുന്ന കൊടും ക്രിമനലുകൾക്ക് പ്രത്യേകം നിരീക്ഷണം

8. ഇവരുടെ കൂട്ടാളികളുടെയും സഹായികളുടെയും വിവരങ്ങൾ ശേഖരിക്കും.

9. പിടികിട്ടാപ്പുള്ളികൾക്കായി വ്യാപക പരിശോധന.

10. കഴിഞ്ഞ 5 വർഷത്തെ കുറ്റകൃത്യങ്ങൾ പരിശോധിക്കാനും ഹിസ്റ്ററി ഷീറ്റ് പട്ടിക പുതുക്കാനും നിർദ്ദേശം

11. ഉചിതമായ സന്ദർഭങ്ങളിൽ കാപ്പ ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

""സാമൂഹ്യ വിരുദ്ധർക്കും ഗുണ്ടകൾക്കും എതിരെ കർശന നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊടും കുറ്റവാളികളെ അടക്കമാണ് അറസ്റ്റ് ചെയ്യുന്നത്. സജീവ കുറ്റവാളികൾക്കെതിരെ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ട്.""

സഞ്ജയ് കുമാർ ഗുരുദിൻ,

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി

""എല്ലാ പൊലീസ് സ്റ്റേഷനുകളിലും പട്രോളിംഗും മറ്റ് പരിശോധനകളും ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രത്യേകം നിരീക്ഷണത്തിനും നിർദ്ദേശമുണ്ട്. ഗുണ്ടാ ആക്രമണങ്ങളെ അമർച്ചചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടിയും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും.""

പി.കെ. മധു,

ജില്ലാ പൊലീസ് മേധാവി