f

തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേറ്റ് നാടും നഗരവും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ, വെട്ടുകാട് മാദ്രെ ദേ ദേവൂസ്‌ ദേവാലയം, പാറ്റൂർ സെന്റ് തോമസ് മാർത്തോമാ സിറിയൻ ദേവാലയം, എൽ.എം.എസ് സി.എസ്.ഐ മെറ്റീർ മെമ്മോറിയൽ പള്ളി എന്നിവിടങ്ങളിൽ തിരുപ്പിറവിയുടെ സ്‌മരണയുണർത്തി വൈദികർ ദിവ്യബലി അർപ്പിച്ചു. കൊവിഡിന് നേരിയ ശമനമുണ്ടായതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു.

പാതിരാ കുർബാനയും

പ്രഭാത കുർബാനയും

25 ദിവസത്തെ നോമ്പ് അനുഷ്ഠിച്ചാണ് വിശ്വാസികൾ ക്രിസ്‌മസിനെ വരവേൽക്കുന്നത്. തിരുവനന്തപുരം അതിരൂപതയിലുൾപ്പെട്ട ലത്തീൻ ദേവാലയങ്ങളിൽ ഇന്നലെ രാത്രി 11.30ന് പാതിരാ കുർബാന നടന്നു. 8ന് ചടങ്ങുകൾ ആരംഭിച്ചു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. സൂസപാക്യം പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. വെട്ടുകാട് പള്ളിയിൽ അതിരൂപതാ സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 7നും 8.45നും വൈകിട്ട് 5നും ഇവിടങ്ങളിൽ ദിവ്യബലി ഉണ്ടായിരിക്കും.

മലങ്കര, സിറിയൻ, സി.എസ്.ഐ പള്ളികളിൽ വൈകിട്ട് ആറോടെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് ക്രിസ്‌മസ് ഈവ് ആരാധന നടക്കും. വിവിധ സഭാമേലദ്ധ്യക്ഷന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 6ന് ക്രിസ്‌മസ് പ്രഭാത കുർബാനയും തിരുപ്പിറവി ആരാധനയും നടക്കും. പട്ടം സെന്റ് മേരീസ് മലങ്കര സിറിയൻ കാത്തലിക് കത്തീഡ്രലിൽ രാത്രി 8ന് തുടങ്ങിയ ചടങ്ങുകൾ 11.30വരെ നീണ്ടു. മലങ്കര കാതോലിക്കാ സഭാദ്ധ്യക്ഷൻ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രദക്ഷിണത്തിന്റെ അകമ്പടിയോടെ ക്രിസ്‌മസിനെ അനുസ്‌മരിച്ചു തീ ഉഴിച്ചിൽ ശുശ്രൂഷയും നടന്നു. എൽ.എം.എസ് സി.എസ്.ഐ മത്തീർ മെമ്മോറിയൽ ദേവാലയത്തിലെ ക്രിസ്‌മസ് ആരാധനയ്‌ക്കും ദിവ്യബലിക്കും ഡോ.ഡി. ജേക്കബ് നേതൃത്വം നൽകി.