
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവി ശുശ്രൂഷയുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാകുർബാനകളും നടന്നു. കൊവിഡ് കാരണം കഴിഞ്ഞ തവണ ക്രിസ്മസ് വിപുലമായി ആഘോഷിക്കാൻ കഴിയാത്തതിന്റെ പരിഭവം ഇക്കുറി വിശ്വാസികൾ പരിഹരിച്ചു.
ക്രൈസ്തവ സഭാതലവൻമാർ വിശ്വാസികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. അലങ്കാര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യരാവിന് വർണശോഭ നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങൾക്ക് ക്രിസ്മസ് ആശംസ നേർന്നു.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസ നേർന്നു. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ ക്രിസ്മസ് ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.