p

തിരുവനന്തപുരം:നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളിൽ ജനുവരി ഒന്നു മുതൽ മിന്നൽ റെയ്ഡ് വഴി നികുതി പിടിച്ചെടുക്കും.

ജി.എസ്.ടി.നിയമത്തിലെ 75,79 സെക്ഷനുകളിൽ ഇതനുസരിച്ച് മാറ്റം വരുത്തി കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി. നിലവിൽ നികുതി വെട്ടിപ്പിന് നോട്ടീസ് നൽകി വിശദീകരണം തേടുകയും, തൃപ്തികരമല്ലെങ്കിൽ നികുതിയും പിഴയും അടയ്ക്കാൻ ആവശ്യപ്പെടുകയും ഒറ്റത്തവണ സെറ്റിൽമെന്റിന് അവസരം നൽകുകയുമൊക്കെയാണ് രീതി. ഇത് കാലതാമസവും, സർക്കാരിന് വൻ വരുമാന നഷ്ടവുമുണ്ടാക്കുന്നതാണെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മിന്നൽ റെയ്ഡിന് തീരുമാനിച്ചത്. റെയ്ഡ് മുമ്പ് സ്ഥാപനമുടമയ്ക്ക് നോട്ടീസോ, അറിയിപ്പോ നൽകേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ നികുതി റിട്ടേണിന്റെ അടിസ്ഥാനത്തിലാണ് നികുതി നിർണ്ണയിക്കുകയും അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇൗ സാഹചര്യത്തിൽ നോട്ടീസും വിശദീകരണത്തിന് അവസരവും നികുതിയടക്കാൻ സാവകാശവും നൽകേണ്ടതില്ലെന്നാണ് തീരുമാനം. ടാക്സ് ഇൻവോയ്സ് റിട്ടേണിലെ തുക ഒൗട്ട് വേർഡ് തുകയിൽ നിന്ന് വ്യത്യാസമാകുന്ന സാഹചര്യങ്ങളിലാവും മിന്നൽ റെയ്ഡ്

ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വാർഷിക ടേണോവർ അഞ്ച് കോടിയിൽ താഴെയുള്ളവരും അതിന് മേലുള്ളവരും. അഞ്ച് കോടിയിൽ താഴെയാണ് ടേണോവറെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. അഞ്ച് കോടിക്ക് മേലുള്ളവർ രണ്ട് തരത്തിലുള്ള റിട്ടേണുകൾ സമർപ്പിക്കണം.11 ന് സമർപ്പിക്കേണ്ട ജി.എസ്.ടി.ആർ.1 റിട്ടേണും 20 ന് സമർപ്പിക്കേണ്ട ജി.എസ്.ടി.ആർ. 3ബി റിട്ടേണും. ആദ്യത്തേത് വിൽപന വിവരങ്ങളും രണ്ടാമത്തേത് നികുതി ബാധ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തുകയുമാണ്. ആദ്യത്തേത് നടപ്പ് മാസത്തെയും രണ്ടാമത്തേത് തൊട്ടുമുമ്പത്തെ മാസത്തെയും കണക്കാണ്. ഇതിലെ വ്യത്യാസം കണക്കാക്കിയാണ് നികുതി വെട്ടിപ്പ് കണ്ടെത്തുക.

നികുതി വെട്ടിപ്പ്

കേസുകളുടെ എണ്ണം

₹2019-20 - 10657

₹2020-21 - 12596

കണ്ടെത്തിയ വെട്ടിപ്പും,

ഇൗടാക്കിയ തുകയും

₹2019-20 - 40853 കോടി - 18464 കോടി

₹2020-21- 49384 കോടി - 12235 കോടി