ks

ചെന്നൈ: 'നീ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കൂ'...

ഭാര്യ വത്സല അടുത്തു വരുമ്പോഴൊക്കെ കെ.എസ്. സേതുമാധവൻ പിടിച്ചിരുത്തും. എന്നിട്ട് മുഖത്തേക്ക് നോക്കിയിരിക്കും. 'നിങ്ങൾക്കെന്താ ഇത്ര വലിയ സ്നേഹം?' എന്നു ചോദിക്കുമ്പോഴും ചിരിക്കും. കുറച്ചു ദിവസങ്ങളായി അതായിരുന്നു പതിവ്. ഭാര്യയോട് സ്നേഹത്തോടെ പഴയ കാര്യങ്ങളൊക്കെ സംസാരിക്കും. അപ്പോഴൊക്കെ മുഖത്ത് വല്ലാത്തൊരു പ്രസന്നതയുണ്ടായിരുന്നതായി മരണം അറിഞ്ഞെത്തിയ നിർമ്മാതാവ് കൂടിയായ എ.വി.അനൂപിനോട് വത്സല പറഞ്ഞു. രാമുകാര്യാട്ടിന്റെ ഭാര്യാസഹോദരിയാണ് വൽസല.

കുറച്ചു നാൾ മുമ്പ് മകൾ ഉമ വിദേശത്തു നിന്ന് ചെന്നൈയിലെത്തിയിരുന്നു. അച്ഛന് ഇഷ്ടപ്പെട്ട വിഭവങ്ങളൊക്കെ തയ്യാറാക്കി കൊടുത്തു. ഒരു അത്യാവശ്യത്തിനായി അവർ മുംബയ്ക്ക് പോയിരുന്നപ്പോഴാണ് അന്ത്യം. രോഗങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു ആഗ്രഹവും അദ്ദേഹം ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നില്ല. സന്യാസ തുല്യമായ ജീവിതമായിരന്നു അവസാന നാളുകളിൽ. എന്നും ഏറെ നേരം ധ്യാനത്തിലിരിക്കും.

അനൂപും സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ സെക്രട്ടറി രവി കൊട്ടാരക്കരയുമാണ് മരണം അറിഞ്ഞ് ആദ്യം വീട്ടിൽ എത്തിയത്. സംവിധായകൻ ഹരിഹരൻ, അഭിനേതാക്കളായ ശിവകുമാർ, ഷീല, ടി.ആർ.ഓമന, അശോകൻ തുടങ്ങിയവും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മകൻ സന്തോഷാണ് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത്. മറ്റൊരു മകൻ സോനുകുമാർ ന്യൂസിലാൻഡിലായതിനാൽ എത്താനായില്ല.

സംശുദ്ധമായ കുടുംബജീവിതമായിരുന്നു സേതുവമാധവൻ നയിച്ചിരുന്നത്. 'എന്റെ ജീവിതത്തിൽ ഒരു സ്ത്രീ മാത്രമേയുള്ളു. അത് എന്റെ ഭാര്യയാണ്' എന്ന് പറഞ്ഞിരുന്നു.

സിനിമാ രംഗത്തേക്കു പോകാനുള്ള തീരുമാനം അറിയിച്ചപ്പോൾ അമ്മ സേതുമാധവനോട് പറ‌ഞ്ഞത് ഇങ്ങനെ: 'ഏതൊരു പെണ്ണിനെയും നിന്റെ സഹോദരിയായി മാത്രം കാണാനുള്ള മനസ്സുണ്ടെങ്കിൽ സിനിമയിൽ പൊയ്‌ക്കോളൂ'. സേതുമാധവൻ അത് സ്വീകരിച്ചു. എക്കാലത്തും അത് പാലിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് രമണ മഹർഷിയുടെ ആശ്രമത്തിൽ പലതവണ പോയിട്ടുള്ള അദ്ദേഹം ഒരു ഘട്ടത്തിൽ സന്യാസി ജീവിതം നയിക്കുന്നതും ആലോചിച്ചിരുന്നു.