governer-an-dpinarayi

തിരുവനന്തപുരം: കണ്ണൂർ, കാലടി സർവകലാശാലകളിലെ വി.സി നിയമനത്തിൽ ഇടഞ്ഞ ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ നീക്കങ്ങളുണ്ടെങ്കിലും എല്ലാവരും ഉറ്റുനോക്കുന്ന മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്നലെയും നടന്നില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ യാത്രയാക്കിയ ശേഷം ഇന്നലെ പകൽ ഗവർണർ രാജ്ഭവനിലുണ്ടായിരുന്നു. വൈകിട്ട് അദ്ദേഹം ബംഗളുരുവിലേക്ക് പോയി. നാളെ മടങ്ങിയെത്തും. മുഖ്യമന്ത്രി തലസ്ഥാനത്തുണ്ട്.

സർവകലാശാലാ നിയമനങ്ങളിലെ രാഷ്ട്രീയസമ്മർദ്ദങ്ങൾ ഒഴിവാക്കാമെന്ന് ഉറപ്പ് ലഭിച്ചാലേ അനുരഞ്ജനത്തിനുള്ളൂവെന്ന സൂചനകളാണ് ഗവർണർ സർക്കാർ കേന്ദ്രങ്ങൾക്ക് നൽകിയത്. മദ്ധ്യസ്ഥ ചർച്ചകളിലും രാജ്ഭവൻ ആവശ്യപ്പെടുന്നത് ഇതാണ്. സർക്കാർ എന്ത് ഉറപ്പു നൽകുമെന്നാണ് അറിയേണ്ടത്. നിർണായകമാവുക മുഖ്യമന്ത്രി - ഗവർണർ കൂടിക്കാഴ്ചയാകും. ഞായറാഴ്ച മടങ്ങിയെത്തുന്ന ഗവർണറെ മുഖ്യമന്ത്രി സന്ദർശിച്ചേക്കും.

കണ്ണൂർ വി. സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു ഗവർണർക്ക് അയച്ച ശുപാർശക്കത്ത് പുറത്തുവന്നതോടെയാണ് വിവാദം മുറുകിയത്. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസ് പുന:സംഘടിപ്പിച്ചതിനെതിരെയും ഹൈക്കോടതിയിൽ ഹർജിയുണ്ട്. ഈ കേസിൽ രാജ്ഭവൻ നിയമോപദേഷ്ടാവ് സത്യവാങ്മൂലം സമർപ്പിച്ചത് ഗവർണർ അയയുന്നില്ലെന്നതിന്റെ സൂചനയാണ്.

കണ്ണൂർ വി.സി പുനർനിയമന കേസിലും ഡിവിഷൻ ബെഞ്ചിൽ രാജ്ഭവൻ സത്യവാങ്മൂലം സമർപ്പിച്ചേക്കും. രാഷ്ട്രീയസമ്മർദ്ദം കാരണം ചാൻസലർ പദവി ഒഴിയുന്നതായി ഗവർണർ കോടതിയെ അറിയിച്ചാൽ സർക്കാരിന് കൂടുതൽ ക്ഷീണമാകാം. ഇത്തരം കടുത്ത സമ്മർദ്ദങ്ങളിൽ നിന്ന് ഗവർണറെ പിന്തിരിപ്പിക്കാനാവും സർക്കാർ ശ്രമിക്കുക.