
തിരുവനന്തപുരം: കർഷകരിൽ നിന്ന് സർക്കാർ സംഭരിച്ച് നൽകുന്ന മേൻമയുള്ള നെല്ല് അരിയാക്കി റേഷൻ കടകൾക്ക് നൽകുന്നതിന് പകരം, മാർക്കറ്റിലേക്ക് മറിച്ചു വിൽക്കുകയും പഴകി കേടായ അരി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച് റേഷൻ കടകളിലെത്തിക്കുകയും ചെയ്യാൻ മില്ല് ഉടമകൾക്ക് ഒത്താശ ചെയ്തുകൊണ്ട് സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവ് മന്ത്രി ജി.ആർ.അനിൽ കണ്ടെത്തി റദ്ദാക്കി.
ഗുണമേൻമയുടെ കാര്യത്തിൽ മില്ലുടമകൾക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും മൂന്നു മാസത്തെ ഗ്യാരന്റി കാലയളവ് ഒഴിവാക്കിയെന്നും കാട്ടി ഗോഡൗണുകളുടെ മാനേജർമാർക്ക് ഈ മാസം മൂന്നിനാണ് രേഖാമൂലം നിർദ്ദേശം നൽകിയത്.
ആഗസ്റ്റ് 27ന് മില്ലുടമകളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലെ ധാരണപ്രകാരമാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.
അവർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന മന്ത്രിയുടെ പരാമർശമാണ് ഉദ്യോഗസ്ഥർ മുതലെടുത്തത്.
മില്ലുടമകൾ പൊതുവിപണിയിൽ മട്ട അരിക്ക് വില കൂടിയതോടെ നല്ല അരിയുടെ നല്ലൊരു പങ്ക് മറിച്ചു വിൽക്കുകയും മായം കലർന്ന അരി അതിനു പകരം റേഷൻകടകളിലേക്കുള്ള അരിയിൽ കലർത്തുകയും ചെയ്തു.
നെയ്യാറ്റിൻകരയിലെ കാർഡ് ഉടമ പഴകിയ അരി കിട്ടിയെന്ന് പരാതി പറഞ്ഞതോടെ റേഷൻ കടയിൽ പരിശോധന നടത്താൻ മന്ത്രി നിർദ്ദേശം നൽകി. കടയിലെ 27 ചാക്ക് അരിയിലും ആലുവ ഗോഡൗണിലെ സ്റ്റോക്കിലും മായം കലർത്തൽ സ്ഥിരീകരിച്ചു. അപ്പോഴാണ് ഗുണമേൻമാ വ്യവസ്ഥകൾ റദ്ദാക്കി ഇറക്കിയ ഉത്തരവ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻതന്നെ പഴയ വ്യവസ്ഥകൾ പുനഃസ്ഥാപിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കാൻ മന്ത്രി നിർദേശിച്ചു. ഉത്തരവിറക്കിയവർക്കെതിരെ നടപടിയുണ്ടാവും.
മായം കലർത്താം, ഉത്തരവാദിത്വമില്ല
മില്ളുടമകൾ ഗോഡൗണുകളിൽ എത്തിക്കുന്ന അരി മൂന്നു മാസത്തിനകം കേടായാൽ തിരിച്ചെടുക്കണമെന്നതായിരുന്നു പ്രധാന ഉപാധി
ഗുണമേൻമയുടെ കാര്യത്തിൽ മില്ലുടമകൾക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്ന് കാട്ടിയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്
100 കിലോ നെല്ലിന് 64.5 കിലോ അരി
54 സ്വകാര്യമില്ലുകൾക്കാണ് സർക്കാരുമായി കരാറുള്ളത്.
100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി മില്ലുടമകൾ സപ്ലൈകോയ്ക്ക് തിരികെ നൽകണം.
214 രൂപ ഒരു ക്വിന്റലിന് സപ്ലൈകോ മില്ലുടമകൾക്ക് നൽകും.
പ്രത്യേക സംഘം സാക്ഷ്യപ്പെടുത്തണം
അരി വ്യാജമാണെന്ന് രണ്ട് വർഷം മുമ്പ് വിജിലൻസും ഭക്ഷ്യസുരക്ഷ കമ്മിഷനും കണ്ടെത്തിയതോടെ മില്ലുകൾ പരിശോധിക്കുന്നതിന് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ മില്ലുകളിൽ എത്തി സർട്ടിഫൈ ചെയ്യുന്ന ചാക്കുകളിലെ അരിയാണ് ഗോഡൗണുകളിലേക്ക് എത്തിയിരുന്നത്. ഇതാണ് അട്ടിമറിക്കപ്പെട്ടത്.
'മായം കലർന്ന അരി വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റി നല്ലത് എത്തിക്കും. മായം കലർന്ന അരി എത്തിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും''.
- ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി