തിരുവനന്തപുരം: തലസ്ഥാനവാസികൾക്ക് പുതുവത്സരം ഹെലികോപ്റ്ററിൽ പറന്ന് ആഘോഷിക്കാൻ അവസരമൊരുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പും.

30,31,​ജനുവരി ഒന്ന് തീയതികളിലാണ് കോവളത്തിന്റെയും അറബിക്കടലിന്റെയും മനോഹാരിതയും 'സെവൻ ഹിൽസ് ' എന്നറിയപ്പെടുന്ന അനന്തപുരിയുടെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ഹെലികോപ്റ്റർ ടൂറിസത്തിന്റെ സാദ്ധ്യത മുന്നിൽക്കണ്ടാണ് യാത്രാ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുള്ളത്.

കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കളുമായോ കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാനും വിവാഹം,ജന്മദിനം,വിവാഹ വാർഷിക ആഘോഷങ്ങൾ തുടങ്ങിയവ ഗംഭീരമാക്കാനും സാധിക്കും. വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് കുറഞ്ഞ ചെലവിൽ കോവളത്ത് അവതരിപ്പിക്കുന്നത്.

യാത്രയ്ക്കിടെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് തിരുവനന്തപുരത്തിനും കോവളത്തിനും നൽകാൻ കഴിയുന്നത്. ലോക ടൂറിസം രംഗത്ത് വലിയ പങ്കുവഹിക്കുന്ന കേരളത്തിൽ ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാദ്ധ്യതകളാണുള്ളതെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ, ഹോളിഡേ ഷോപ്പ് പ്രതിനിധി ബെന്നി തോമസ് എന്നിവർ അറിയിച്ചു. ഫോൺ: 99961116613,​ 9961041869,​ 9061963331.