
ബാലരാമപുരം: ബാലരാമപുരം ജംഗ്ഷനിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ബസ് കാത്തിരുപ്പു കേന്ദ്രത്തെ ചൊല്ലി സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബാലരാമപുരം ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശത്താണ് എം.എൽ.എയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ തുടങ്ങിയത്. ഇത് സി.പി.എം പ്രവർത്തകർ തടയുകയായിരുന്നു. പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാനുദ്ദേശിച്ച സ്ഥലത്താണ് എം.എൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണമെന്നായിരുന്നു ആരോപണം. തുടർന്ന് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാലാരമപുരം പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. എം. വിൻസെന്റ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനനും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ബാലരാമപുരം ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ചർച്ചയിൽ ആദ്യം നിശ്ചയിച്ച സ്ഥലത്തു നിന്ന് ഏഴ് മീറ്റർ മാറി കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇതിന് സമീപത്തായി പഞ്ചായത്തും ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും.