നെടുമങ്ങാട്: ഗതാഗതം തടസപ്പെടുത്തിയ മൂന്നംഗ ഗുണ്ടാസംഘത്തെ ചോദ്യംചെയ്ത ബൈക്ക് യാത്രക്കാരനായ യുവാവിനെ തല്ലിച്ചതച്ചു. മേലാങ്കോട് പറണ്ടോട് സ്വദേശി സുരേഷിന്റെ മകൻ വിഷ്ണുവിനാണ് (23) മർദ്ദനമേറ്രത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു പിന്നിലെ കിഴക്കേബംഗ്ലാവ് റോഡിലായിരുന്നു അക്രമം.

ഇരുമ്പു പൈപ്പുകളുമായി റോഡു കൈയടക്കിനിന്ന സംഘത്തെ അതുവഴിവന്ന വിഷ്ണു ചോദ്യംചെയ്യുകയായിരുന്നു. തലയ്ക്കടിയേറ്റു ചോരയൊലിപ്പിച്ചു നിന്ന യുവാവിനെ സമീപത്തെ കടയുടമകളാണ് രക്ഷിച്ചത്. വ്യാപാരികൾക്കു നേരെയും സംഘം ഭീഷണി മുഴക്കി. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പറണ്ടോട് സ്വദേശിക്കും പരിക്കേറ്റു. ഒരു മണിക്കൂറോളം സ്ഥലത്ത് അഴിഞ്ഞാടിയ സംഘം പൊലീസ് എത്തിയതോടെ ചിതറിയോടി. പറണ്ടോട് ക്ഷേത്രറോഡിൽ ഒളിച്ച ഒരു യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മറ്റു രണ്ടുപേർക്കായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി നെടുമങ്ങാട് സി.ഐ സുരേഷ് കുമാർ പറഞ്ഞു.