
ബാലരാമപുരം: രാജസ്ഥാനിലെ കൂട്ടുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് നേമം ഗവൺമെന്റ് യു.പി.എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും. കേക്കുമായി സ്വന്തം വിദ്യാലയത്തിൽ അതിഥികളായെത്തിയ കൂട്ടുകാർക്കൊപ്പം ക്രിസ്തുമസ് ആഘോഷം വേറിട്ടനുഭവമാക്കുകയായിരുന്നു. രാജസ്ഥാനിലെ വിവിധ ജില്ലകളിലുള്ള കുടുംബങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി പള്ളിച്ചൽ ബാലരാമപുരം ദേശീയ പാതയിൽ പള്ളിച്ചലിന് സമീപം വാടകക്കുടിലുകളിൽ താമസമാക്കി പ്ലാസ്റ്റർ ഓഫ് പാരിസും വിവിധ വർണങ്ങൾ സമന്വയിപ്പിച്ച് നിർമിക്കുന്ന പ്രതിമകൾ വിറ്റുമാണ് ഉപജീവനം തേടുന്നത്. പ്രാവച്ചമ്പലം, പള്ളിച്ചൽ, പാരൂർക്കുഴി എന്നിവിടങ്ങളിൽ പ്രതിമ വിൽക്കുന്ന കുടുംബങ്ങളിലെ പതിനൊന്ന് കുട്ടികൾ നേമം ഗവ.യു.പി.എസിലാണ് പഠിക്കാനെത്തുന്നത്. വിവിധ ക്ലാസുകളിൽ പഠിക്കുന്ന മഞ്ചു, ഭരത്, രത്ന, ഗംഗ, ലളിത, സുഗുണ, കമല, മമത, പൂജ, ജിത്തു, സുരേഷ് എന്നിവരുടെ കുടുംബാംഗങ്ങളോടൊപ്പം ക്ലാസ് ടീച്ചർമാരും സഹപാഠികളും ആഘോഷത്തിൽ പങ്കാളികളായി. പുൽക്കൂടൊരുക്കാനുള്ള വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള പ്രതിമകൾ നിർമിക്കുമെങ്കിലും ഇതുപോലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും പരിപാടി സംഘടിപ്പിച്ച സ്കൂൾ അധികൃതർക്ക് രാജസ്ഥാനി കുടുംബങ്ങൾ നന്ദി അറിയിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, സീനിയർ അസിസ്റ്റന്റ് എം.ആർ.സൗമ്യ, സ്റ്റാഫ് സെക്രട്ടറി എം.മുഹമ്മദ്, അദ്ധ്യാപകരായ, എ.സി.അശ്വതി, വി.പി.മായ, ബിന്ദു, രമ്യ, ഷീലാ സേവ്യർ, ഷീബ, ക്ലാസ് ടീച്ചർമാരായ മിനി, അനുജ എസ് നായർ, ഗീത എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.