തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാവേട്ട ശക്തമാക്കിയതായി പൊലീസ് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ശ്രീകാര്യത്തിന് സമീപം ട്രാൻസ്ജെൻഡർക്കും വട്ടിയൂർക്കാവ് കാച്ചാണിയിൽ രണ്ട് യുവാക്കൾക്കും ഗുണ്ടാ ആക്രമണങ്ങളിൽ പരിക്കേറ്റു. ശ്രീകാര്യം ചെറുവയ്ക്കൽ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിയായ ട്രാൻസ്‌മെൻ ആൽബിനെ (22) സമീപവാസികളായ ചിലരാണ് മർദ്ദിച്ചത്. തടികൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൽബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെ അറസ്റ്റ് ചെയ്തു.
സഹോദരി ലൈജുവിനൊപ്പമാണ് ആൽബിനും സഹോദരൻ ദേവനും താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി പുറത്തുപോകാനിറങ്ങിയ ലൈജുവിനേയും കുട്ടികളേയും വീടിന് സമീപത്തെ റോഡിൽ നിന്ന അഞ്ചംഗസംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആൽബിനെ ഇവർ മരക്കഷണകൊണ്ട് ആക്രമിച്ചത്. ആൽബിനൊപ്പമുണ്ടായിരുന്ന ദേവനെയും സംഘം മർദ്ദിച്ചു.
സംഭവത്തിൽ അന്നുതന്നെ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിട്ടും ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നാണ് ആൽബിന്റെ സഹോദരി ലൈജു പറയുന്നത്. എന്നാൽ, പരാതി കിട്ടിയപ്പോൾ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
വട്ടിയൂർക്കാവിന് സമീപം കാച്ചാണിയിൽ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് യുവാക്കളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വെളിയന്നൂർ രാഖിഭവനിൽ രാമചന്ദ്രന്റെ മകൻ രാഹുലിനെ (24) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സജിത്തിനും (26) നിസാര പരിക്കേറ്റു. ക്രിസ്മസ് ദിവസം രാത്രി ഒൻപതോടെ കാച്ചാണി ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു സംഭവം. മരുതംകുഴിയിൽ നിന്ന് ഉളക്കോട് വാടകയ്ക്ക് താമസിക്കുന്ന ഗോകുൽ, നെട്ടയത്ത് നിന്ന് കാച്ചാണി സ്വിമ്മിംഗ് പൂളിന് സമീപം താമസിക്കുന്ന സച്ചിൻ, നെട്ടയം സ്വദേശി ആഷിത് എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് രാഹുൽ അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസ് പറയുന്നതിങ്ങനെ: അക്രമിസംഘത്തിലെ പ്രധാനിയായ ഗോകുലിൽ നിന്ന് സജിത്ത് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ പേരിൽ ഇരുവരും തമ്മിൽ ഫോണിലൂടെ കലഹിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് ഗോകുലും സംഘവും സജിത്തിനെ അന്വേഷിച്ച് കറങ്ങിനടക്കുമ്പോഴാണ് കാച്ചാണി ഹൈസ്കൂളിന് സമീപം രാഹുലിനൊപ്പം സജിത്തിനെ കണ്ടത്. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സജിത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് രാഹുൽ തടഞ്ഞതോടെ ആക്രമികൾ ഇയാളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. രാഹുലിന്റെ ഇരുതോളുകളിലും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. എ.എസ്.പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്കായി നടത്തിയ തെരച്ചിലിൽ സച്ചിനും ആഷിതും പിടിയിലായതായാണ് സൂചന. സച്ചിനുവേണ്ടി തെരച്ചിൽ തുടർന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.