വർക്കല: ഗുരുധർമ്മ പ്രചാരണസംഘം സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ജന്മസ്ഥലമായ പുത്തൂരിൽ നിന്ന് ശിവഗിരിയിലേക്ക് നടത്തുന്ന പദയാത്രയ്ക്ക് വർക്കലയിൽ വിവിധ സാംസ്കാരിക സംഘടനകൾ വരവേല്പ് നൽകും.30ന് ജില്ലാ അതിർത്തിയായ കാപ്പിൽ പാലത്തിൽ വച്ച് മജിഷ്യൻ വർക്കല മോഹൻദാസിന്റെ നേതൃത്വത്തിൽ പദയാത്രയെ സ്വീകരിക്കും. വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം കാപ്പിൽ ശാഖ, ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രം, ഇടവ ഗുരുമന്ദിരം, 3.30ന് യോഗം വെൺകുളം ശാഖ എന്നിവിടങ്ങളിൽ പദയാത്രയെ സ്വീകരിക്കും. വെൺകുളം ശാഖാഹാളിൽ പദയാത്രികരുടെ സംഗമം ഗുരുധർമ്മപ്രചാരണ സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. ജനറൽസെക്രട്ടറി ബി.സോമനാഥൻ അദ്ധ്യക്ഷത വഹിക്കും.വർക്കല മോഹൻദാസ്, ശാന്തിനി എസ് കുമാരൻ, ഓടനാവട്ടം എം.ഹരീന്ദ്രൻ, ഉദയഗിരി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. 4.30ന് വർക്കല മൈതാനം വഴി ഡോ.എൻ.വിജയന്റെ നഴ്സിംഗ് ഹോമിൽ പ്രാർത്ഥനാസംഗമം നടക്കും. 5.30ന് ശിവഗിരി മഹാസമാധിയിൽ പദയാത്രികർ പ്രണാമമർപ്പിക്കും. 31ന് തീർത്ഥാടക ഘോഷയാത്രയിൽ പങ്കെടുക്കും.