tree

വെഞ്ഞാറമൂട്: ചെമ്പൻകോട് കളരിയിൽ ക്ഷേത്രട്രസ്റ്റും ഫിനിക്സ് ഗ്രന്ഥശാലയും ചേർന്ന് കദളി വനം എന്ന് പേരിട്ട് വാമനപുരം നദീത്തീരത്ത് ചെടികൾ നട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ ഡി. കെ മുരളി എം.എൽ.എയാണ് കദളീ വനം പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത്.

പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആയിരത്തോളം വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കലാണ് ലക്ഷ്യം. വ്യക്തികളും ക്ഷേത്രത്തിൽ തൊഴാൻ വരുന്ന ഭക്തരും നദിക്കടുത്ത് തൈകൾ നട്ട് കഴിഞ്ഞു. നാലാം ഘട്ടം വിഷുവിന് തുടങ്ങാനാണ് തീരുമാനം. വള്ളിച്ചെടികളും ഔഷധ സസ്യങ്ങളുമാണ് നടുക. അതോടെ നദീ തീരത്തും ക്ഷേത്ര ഭൂമിയിലുമായി ആയിരക്കണക്കിന് മരങ്ങളാകും. നദീ തീരം സംരക്ഷിക്കാനും കഴിയും.

ഗ്രന്ഥശാല പ്രസിഡന്റും വാർഡ് മെമ്പറുമായ ബി. ശ്രീകണ്ഠൻ, ഗ്രന്ഥശാല സെക്രട്ടറിയും കോളേജ് അദ്ധ്യാപകനുമായ കെ.എസ്. മനോജ്‌, ലൈബ്രറിയൻ രതീഷ് തെളിക്കച്ചാൽ, എക്സിക്യൂട്ടീവ് അംഗം ഷെജി, ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ്‌ ബി. മോഹനൻ പിള്ള, ട്രസ്റ്റ്‌ അംഗങ്ങളായ അനിൽ കുമാർ, മണികണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി.