land-

 58% റവന്യു ഭൂമിയും കൈയേറി

 200 കൈയേറ്റം, കേസ് വെറും 6

5,20,000 ഏക്കർ തോട്ടം കൈയേറ്റം

തിരുവനന്തപുരം: അനധികൃത കൈവശഭൂമി കണ്ടെത്താൻ യൂണിക് തണ്ടപ്പേരും ഡിജിറ്റൽ സർവേയും കൊണ്ടുവരുന്ന റവന്യു വകുപ്പിന് വൻകിട കമ്പനികൾ കൈവശം വച്ചിട്ടുള്ള അഞ്ചു ലക്ഷത്തിലധികം (5,20,000) ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഒരു ഉത്സാഹവുമില്ല. റവന്യു ഭൂമിയുടെ 58 ശതമാനവും എസ്റ്റേറ്റ് ഉടമകളുടെ കൈയിലാണ്.

തോട്ടം മേഖലയിലെ കൈയേറ്റ ഭൂമി പിടിച്ചടുക്കാൻ ലാൻഡ് റിസംപ്‌ഷൻ സ്‌പെഷ്യൽ ഓഫീറായിരുന്ന എം.ജി. രാജമാണിക്യം 2016 ഏപ്രിൽ 4ന് സർക്കാരിന് സമർപ്പിച്ച 200 കൈയേറ്റ റിപ്പോർട്ടുകളിൽ ആറെണ്ണം മാത്രമാണ് ഇതുവരെ കോടതിയിലെത്തിയത്. എ.ജിയുടെ പരിശോധനയിലിരിക്കുന്ന അഞ്ചെണ്ണത്തിലും പുരോഗതിയില്ല.

ടാറ്റയും ടി.ആർ ആൻഡ് ടിയും ഹാരിസണും അടക്കമുള്ള കമ്പനികളാണ് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നത്. വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും തോട്ടം കൈയേറ്റം.

ഹാരിസൺ, ടി.ആർ ആൻഡ് ടി കമ്പനികളുടെ ഭൂമി തിരിച്ചുപിടിക്കാൻ രാജമാണിക്യം ശ്രമിച്ചെങ്കിലും ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കാൻ സിവിൽ കേസ് അതത് സ്ഥലത്തെ കോടതികളിൽ ഫയൽ ചെയ്യാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് 50 പെറ്റീഷനുകൾ തയ്യാറാക്കിയതിൽ ആറെണ്ണം മാത്രം 2020ൽ വിവിധ കോടതികളിൽ സമർപ്പിച്ചു.

ആറടി മണ്ണില്ലാതെ

2.5 ലക്ഷം കുടുംബം

 മരിച്ചാൽ അടക്കം ചെയ്യാൻ ഒരുതുണ്ട് ഭൂമിയില്ലാത്ത രണ്ടര ലക്ഷം കുടുംബങ്ങളുണ്ട് കേരളത്തിൽ

 26,193 കോളനികളിൽ ദളിതരിൽ 79 ശതമാനവും കഴിയുന്നു. 14,000 കോളനികളിൽ ആദിവാസികൾ

 10,000 ലയങ്ങളിൽ നരകിച്ച് തോട്ടം തൊഴിലാളികളും 522 കോളനികളിൽ മത്സ്യത്തൊഴിലാളികളും


കോടതിയിലുള്ള

സിവിൽ കേസുകൾ
(ജില്ല,കമ്പനി,കോടതി,തീയതി)

പത്തനംതിട്ട : ഹാരിസൺ മലയാളം : പത്തനംതിട്ട സബ് കോടതി, 2020 ജൂലായ് 15
കോട്ടയം : അയന ചാരിറ്റബിൾ ട്രസ്റ്റ് : പാലാ സബ് കോടതി, 2020 ജനുവരി 3
കൊല്ലം : റിയ പ്രോപ്പർട്ടീസ് : പുനലൂർ സബ് കോടതി, 2020 ആഗസ്റ്റ് 12
കൊല്ലം : അമ്പനാട് എസ്റ്റേറ്റ്- ടി.ആർ ആൻഡ് ടി: പുനലൂർ സബ് കോടതി, 2020 ആഗസ്റ്റ് 12
കൊല്ലം : ഹാരിസൺ മലയാളം : പുനലൂർ സബ് കോടതി, 2020 ആഗസ്റ്റ് 12
ഇടുക്കി : പെരുവന്താനം- ടി.ആർ ആൻഡ് ടി: കട്ടപ്പന സബ് കോടതി, 2020 ഡിസംബർ 7


മറ്റു കേസുകളും കോടതിയിൽ എത്തിക്കാൻ ഉടൻ നടപടിയുണ്ടാവും

- റവന്യു മന്ത്രിയുടെ ഓഫീസ്