
നെയ്യാറ്റിൻകര: കവയത്രി സുഗതകുമാരിക്ക് പിതാവ് ബോധേശ്വരന്റെ ജന്മനാടായ നെയ്യാറ്റിൻകരയിൽ നിർമ്മിക്കുന്ന സ്മാരകമായ സുഗതസ്മൃതിയുടെ ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി എം എൽ.എമാരായ കെ. ആൻസലനും സി.കെ. ഹരീന്ദ്രനും നൽകി പ്രകാശനം നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ അക്ഷയ വാണിജ്യ സമുച്ചയത്തിനുളളിലാണ് സ്മൃതിയിടം.വളർന്ന് വരുന്ന കലാപ്രതിഭകൾക്ക് സർഗാത്മകത പ്രദർശിപ്പിക്കാനും കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾക്ക് കൂടിച്ചേരാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നെയ്യാർ വരമൊഴിയാണ് ആശയവും രൂപകൽപ്പനയും നിർമാണവും നിർവഹിക്കുന്നത്. ചടങ്ങിൽ നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ , സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം നെയ്യാറ്റിൻകര പ്രസ്സ് ക്ലബ് സെക്രട്ടറി സജിലാൽ, ബോധേശ്വരൻ ഫൗണ്ടേഷൻ ട്രഷറർ വി.കേശവൻകുട്ടി, പി.ടി.എ. പ്രസിഡന്റ് ജി. സജി കൃഷ്ണൻ, പ്രിൻസിപ്പാൾ ദീപ, ഹെഡ്മിസ്ട്രസ്സ് ആനി ഹെലൻ, രാജ്മോഹൻ എന്നിവർ പങ്കെടുത്തു.