bjp

തിരുവനന്തപുരം: പ്രതിരോധ കസ്റ്റഡിയുടെ പേരിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഡി.ജി.പി അനിൽകാന്തിനെ കണ്ടു. സംഘപരിവാർ പ്രവർത്തകരെ ബലം പ്രയോഗിച്ച് തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വനിതാ പ്രതിനിധികളെ ഉൾപ്പെടെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിക്കുന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്നത് വ്യാമോഹമാണെന്നും കുമ്മനം ഡി.ജി.പി യോട് പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ വധിച്ച എസ്.ഡി.പി.ഐയ്ക്കും പി.എഫ്‌.ഐയ്ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. അവരുടെ കൊലയാളി സംഘത്തെ സംസ്ഥാനം വിടാൻ സഹായിച്ചത് പൊലീസാണ്. ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായാണ് നടക്കുന്നത്. ഈ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.