
പാറശാല: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതിന് പിന്നാലെ കേരള-തമിഴ്നാട് ബസ് സർവീസുകൾ പുനരാരാംഭിച്ചെങ്കിലും കളിയിക്കാവിള സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് തമിഴ്നാടിന്റെ അയിത്തം തുടരുന്നതിനാൽ യാത്രക്കാർ വലയുന്നു. സ്റ്റാൻഡിലെത്തുന്ന ബസുകൾക്ക് ഇവിടെ പാർക്കിംഗിന് അവസരമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. എന്നാൽ ബസൊന്നിന് പത്തുരൂപ വീതം തമിഴ്നാട് സർക്കാരിന് നൽകുകയും വേണം.
അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് കേരള ബസുകൾ അതിർത്തിക്കിപ്പുറമുള്ള ഇഞ്ചിവിളവരെയാണ് യാത്രചെയ്തിരുന്നത്. അതിർത്തികൾ തുറന്നിട്ടും ഇക്കാര്യത്തിൽ ചെറിയ വ്യത്യാസം മാത്രമാണ് ഉണ്ടായത്. നിലവിൽ കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ഇവിടെ യാത്രക്കാരെ ഇറക്കിയിട്ട് തിരികെ ഇഞ്ചിവിളയിലെത്തി വേണം പാർക്ക് ചെയ്യാൻ. തിരികെ യാത്രക്കാരെ കയറ്റണമെങ്കിൽ സ്റ്റാൻഡിൽ നിന്ന് വിളിച്ചറിയിക്കുമ്പോൾ തിരികെ ചെല്ലണം. ഡീസൽ ഇനത്തിൽ വലിയ നഷ്ടമാണ് ഈ അധിക യാത്രയിലൂടെ കോർപ്പറേഷന് ഉണ്ടാകുന്നത്. തമിഴ്നാട്ടിലേക്ക് പോകുന്ന ബസുകളാകട്ടെ സ്റ്റാൻഡിനുള്ളിൽ കയറാറുമില്ല. ഫലത്തിൽ തിരികെ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് പാറശാലമുതലുള്ള യാത്രക്കാരെ മാത്രമാണ് ലഭിക്കുന്നത്.
ഉണ്ട് അനുയോജ്യമായ സ്ഥലം
സർക്കാരിനുണ്ടാകുന്ന നഷ്ടവും യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഹരിക്കാൻ കളിയിക്കാവിള സ്റ്റാൻഡിനപ്പുറം അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുന്നില്ല. പാറശാല പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അയ്ങ്കാമം ഒറ്റാമരത്തുള്ള തുറസായ സ്ഥലമാണിത്. കളിയിക്കാവിള സ്റ്റാൻഡിൽ നിന്ന് വെറും 200 മീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും ഈ സ്ഥലം പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
നടപടികൾ വൈകുന്നു
ബസുകൾ പാർക്ക് ചെയ്യുന്നതിനായി ഒറ്റാമരത്തെ സ്ഥലം ഉപയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ച് യാത്രക്കാർ കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്തയിച്ചിരുന്നു.
ഈ ആവശ്യം പരിഗണിച്ച് സ്ഥലം സന്ദർശിച്ച അധികൃതർ കഴിഞ്ഞ ബുധനാഴ്ച മുതൽ ബസ് സർവീസ് ഇവിടെനിന്ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്രിവച്ചു. പകരം ഇഞ്ചിവിളയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സ്ഥാപിച്ച് അവിടെ നിന്ന് സർവീസുകൾ നടത്താനാണ് തീരുമാനം. ഇത് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നും ആശങ്കയുണ്ട്. കളിയിക്കാവിളയിലെ യാത്രക്കാരോടുള്ള അവഗണനയാണിതെന്നും പരാതിയുണ്ട്. നേരത്തെ അയ്ങ്കാമത്ത് നിന്ന് സർവ്വീസ് നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ സ്വാഗതംചെയ്ത നാട്ടുകാർ ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കുന്നതിനുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫീസും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ഇതെല്ലാം വിഫലമായ അവസ്ഥയാണ്.