1

പോത്തൻകോട്: സമൂഹത്തിൽ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം പോത്തൻകോട് ശാഖയുടെ പത്താമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും സമൂഹത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യണമെന്ന് അരുൾ ചെയ്ത ഗുരുദേവന്റെ ദർശനം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. കോടികളുടെ അനധികൃത കച്ചവടമാണ് ലഹരി കൈമാറ്റത്തിലൂടെ നടക്കുന്നത്. നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ലഹരി മാഫിയകളും ഗുണ്ടാസംഘങ്ങളും ഗ്രാമപ്രദേശങ്ങളിലും പിടിമുറുക്കിയതിന്റെ ഫലമായിട്ടാണ് പോത്തൻകോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അക്രമങ്ങൾ ഉണ്ടാകുന്നത്. അതിനാലാണ് പൊലിസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശാഖാ പ്രസിഡന്റ് ആർ. അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെമ്പഴന്തി ഗുരുകുലം യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ, ശാഖാ സെക്രട്ടറി ജെ. പ്രേമചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ, ജയകുമാരി, പ്രവീൺവിസ്മയ, സി. നിർമ്മലൻ, തുളസി, ബിജു . എൽ.ആർ, ജി.സുനിൽ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരികളെയും കർഷകരെയും ചടങ്ങിൽ ആദരിച്ചു ചികിത്സാ ധനസഹായവും വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. കവി ഗിരിഷ് പുലിയൂരിന്റെ പ്രഭാഷണവും വിശേഷാൽ ഗുരുപൂജയും അന്നദാനവും നടന്നു.