
വെള്ളനാട്:വെള്ളനാട് ഗ്രാമ പഞ്ചായത്തിന്റെ വികസന നായകൻ പി.നാഗപ്പൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി.വെള്ളനാടിന്റെ ആദ്യ പ്രസിഡന്റും വികസനത്തിന് ദിശാബോധം നൽകിയ പ്രധാന വ്യക്തിയുമായിരുന്നു ഇദ്ദേഹം.1953മുതൽ 1964 വരെ ഇദ്ദേഹമായിരുന്നു പഞ്ചായത്തിന്റെ പ്രസിഡന്റ്.നാട്ടിലെ പ്രധാനിയായ നാഗപ്പൻ നായരെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.1962 ഹൈസ്കൂൾ അനുവദിക്കുന്നതും വെള്ളനാട് ബ്ലോക്ക് ഓഫീസ്,സി.എച്ച്.സി,എന്നിവ സ്ഥാപിക്കുന്നതും അദ്ദേഹം പ്രസിഡന്റ് ആയിരിക്കുമ്പോഴാണ്.
1967 ൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഇന്ത്യയിലെ രണ്ട് പ്രതിനിധികളിൽ ഒരാളായിരുന്നു അദ്ദേഹം. ആദ്യകാലത്തെ പ്രസിഡന്റുമാരുമായും പ്രധാനമന്ത്രിമാരുമായും പി.നാഗപ്പൻ നായർക്ക് ബന്ധം ഉണ്ടായിരുന്നു. ദേശീയ നേതാക്കളുമായുള്ള ബന്ധമാണ് പുതിയ സ്ഥാപനങ്ങൾ കൊണ്ടുവരാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്.സ്പോർട്സ് താരമായ ഇദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വോളിബോൾ ടീം ക്യാപ്റ്റൻ ആയിട്ടുണ്ട്. ദീർഘകാലം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പദവും അലങ്കരിച്ചിരുന്നു.
ദീർഘകാലമായി പൊതു രംഗത്തിനിന്നും മാറി വിശ്രമ ജീവിതമായിരുന്നുവെങ്കിലും വെള്ളനാടിന്റെ വികസന കാര്യങ്ങളിൽ എന്നും മാർഗ്ഗ ദർശിയാകാൻ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്.വിയോഗ വാർത്തയറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തുമുള്ളവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.