
കടയ്ക്കാവൂർ: വക്കം പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ അങ്കണവാടി കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ നവീകരിച്ചു. വക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 93ാം നമ്പർ അങ്കണവാടിയാണ് വാർഡ് മെമ്പറുടെ ഇടപെടൽ കൊണ്ട് നാട്ടുകാരുടെ സഹായത്തോടെ നവീകരിച്ചത്. ഏറെനാളായി രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും, അങ്കണവാടി ടീച്ചറുടെയും ആവശ്യമായിരുന്നു അങ്കണവാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നത്. എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്ത കെട്ടിടമായതിനാൽ അറ്റകുറ്റപ്പണികൾ നടത്തുവാൻ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വക്കം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ നിഷാ മോനിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കെട്ടിടം നവീകരിക്കാൻ മുന്നോട്ടു വന്നത്. നാട്ടുകാരിൽ നിന്ന് ചെറുതും വലുതുമായ സഹായങ്ങൾ കൈപ്പറ്റി കെട്ടിടത്തിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി ടൈൽ പാകി പെയിന്റ് അടിച്ചു. കൊടിമരം സ്ഥാപിക്കുകയും, കുടിവെള്ള പൈപ്പ് ലൈൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിനൽകി കെട്ടിടിടവും പരിസരവും ശുചീകരിക്കുകയുമായിരുന്നു. വക്കം കോട്ട് വിളാകത്ത് മാധവിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ആവിശ്യങ്ങൾക്കായി കുടുംബം വിട്ടുനൽകിയത്. ആദ്യകാലങ്ങളിൽ വനിതാ സ്വയം സഹായ സംഘമായിട്ടാരുന്നു ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത് 2016 ഓടെയാണ് പിന്നീട് ഇത് അങ്കണവാടി ആവശ്യത്തിനായി നൽകിയത്. നിലവിൽ ഒരു കുടുംബ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം, സ്വകാര്യ വസ്തുവും കെട്ടിടവുമായതിനാൽ ഇതിന്റെ അറ്റകുറ്റപ്പണികൾക്ക് സർക്കാർ തുക അനുവദിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുള്ളത്തിനാലാണ്, വാർഡ് മെമ്പർ മോനി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹായം ആവശ്യപ്പെട്ട് മുന്നോട്ടു വരികയായിരുന്നു.