
നെയ്യാറ്റിൻകര: ടി.ബി ജംഗ്ഷനിലെ മത്സ്യമാർക്കറ്റ് അടിയന്തരമായി കച്ചവടത്തിന് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ഗ്രാമം പ്രവീൺ നഗരസഭ കൗൺസിൽ യോഗത്തിൽ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. കൊവിഡ് കാലത്ത് അടച്ച നഗരസഭയിലെ പ്രധാന മത്സ്യ വ്യാപാരകേന്ദ്രം ഇതുവരെ തുറക്കാത്തതിൽ മത്സ്യ വില്പനയ്ക്കായി എത്തുന്നവർ ഗ്രാമത്തിന് സമീപം ദേശീയപാതയിലും ടി.ബി ജംഗ്ഷൻ ചന്തയിലെ റോഡ് വക്കിലുമാണ് കച്ചവടം നടത്തുന്നത്.
ഇതിൽ പ്രതിഷേധിച്ചായിരുന്നു കൗൺസിലറുടെ കുത്തിയിരിപ്പ് സമരം. ആവശ്യം പരിഗണിക്കാമെന്ന കൗൺസിൽ ഉറപ്പിനെ തുടർന്ന് പിന്നീട് സമരം അവസാനിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭാപരിധിയിൽ അനധികൃത മത്സ്യ, മാംസ വില്പന കർശനമായി
നിരോധിക്കാനും ഹരിത കർമ്മ സേനയുടെ അനധികൃത പിരിവ് നിയന്ത്രിക്കാനും ആലുംമൂട്, ആശുപത്രി ജംഗ്ഷനിലെ വൺവേക്ക് മാറ്റം വരുത്താനും, പ്ലാസ്റ്റിക് നിരോധനം കർശനമാക്കുമെന്നും കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു. ഇതിന് വേണ്ട നടപടികൾ
സ്വീകരിക്കാൻ ആരോഗ്യ, എൻജിനിയറിംഗ് വിഭാഗങ്ങൾക്ക് കൗൺസിൽ നിർദേശം നൽകി.