തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എമ്മിന്റെ ജില്ലാ സമ്മേളനം ജനുവരി 14 മുതൽ 16 വരെ പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിന് സമീപം തയ്യാറാക്കുന്ന കാട്ടാക്കട ശശി നഗറിൽ നടക്കും.14ന് രാവിലെ 9ന് മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,കെ.കെ. ശൈലജ, എ.കെ.ബാലൻ,എം.വി.ഗോവിന്ദൻ,സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ,കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും.15നും 16നും പ്രതിനിധി സമ്മേളനം തുടരും.16ന് വൈകിട്ട് 4ന് ചെറുവാരക്കോണം സി.എസ്.ഐ സ്കൂൾ ഗ്രൗണ്ടിലെ ആറ്റിപ്ര സദാനന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയുണ്ടാകും. ജില്ലയിലെ വിവിധ ഏരിയാകമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 198 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാകമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗങ്ങളുമുണ്ടാകും.
സമ്മേളനത്തോടനുബന്ധിച്ച് സമകാലിക രാഷ്ട്രീയ,സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയാകുന്ന സെമിനാറുകൾ, ശാസ്ത്ര സമ്മേളനങ്ങൾ,സിമ്പോസിയങ്ങൾ,കലാപരിപാടികൾ എന്നിവ ഇന്ന് മുതൽ ആരംഭിക്കും.ഇന്ന് ഉദിയൻകുളങ്ങരയിൽ സത്യാനന്തര മാദ്ധ്യമം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.തുടർന്ന് സൗമ്യ സുകുമാരൻ സംവിധാനം ചെയ്ത ചെങ്കനൽ ചിലങ്ക എന്ന നൃത്താവിഷ്കാരം. ജനുവരി 11ന് പാറശാലയിൽ അഞ്ഞൂറിലധികം പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനാചരണം ജനുവരി 9ന് നടക്കും.അന്ന് ജില്ലയിലെ പാർട്ടി ഘടകങ്ങളിൽ പതാക ഉയർത്തും.പാറശാല, നെയ്യാറ്റിൻകര,വെള്ളറട,വിഴിഞ്ഞം,നേമം ഏരിയാകമ്മിറ്റികളിൽ പതിനായിരം വീടുകളിൽ വീതം പാർട്ടി പതാക ഉയർത്തും.പതാക ഉയർത്തുന്ന വീടുകളിൽ ഓരോ ഫലവൃക്ഷത്തൈ നടും. വിവിധ പരിപാടികളിലായി മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, സജി ചെറിയാൻ, വീണ ജോർജ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം, സുനിൽ പി. ഇളയിടം, കെ.ഇ.എൻ, വി. കാർത്തികേയൻ നായർ, ഫാ. മാത്യൂസ് വാഴക്കുന്നം, സ്വാമി സന്ദീപാനന്ദഗിരി, ഖദീജ മുംതാസ്, ഏഴാച്ചേരി രാമചന്ദ്രൻ, ടി.എൻ. സീമ, വിധു വിൻസന്റ് തുടങ്ങിയവരും പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ പുത്തൻകട വിജയൻ, അഡ്വ.എസ്. അജയകുമാർ എന്നിവരും പങ്കെടുത്തു.