pinarayi

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയായ കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിലിനെതിരെ ഘടകകക്ഷിയായ സി.പി.ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും കൂടി ആശങ്കകളുയർത്തിയിരിക്കെ, സർക്കാർ നയം ബോദ്ധ്യമാക്കാനും ന്യായീകരിക്കാനുമായി സി.പി.എം പ്രവ‌ർത്തകർ വീടുകൾ കയറി പ്രചാരണം തുടങ്ങി. പ്രധാന ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക,​ വ്യാവസായിക പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സംവദിക്കും.

നാലിന് രാവിലെ 11ന് തിരുവനന്തപുരത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇതിനു തുടക്കം കുറിക്കും. എറണാകുളത്തും കോഴിക്കോട്ടും സമാനരീതിയിലുള്ള സംവാദം മുഖ്യമന്ത്രി നേരിട്ട് നടത്തും. മറ്റ് ജില്ലകളിൽ മന്ത്രിമാരുൾപ്പെടെയുള്ളവർ സംവാദം നയിക്കും.

കെ-റെയിൽ പദ്ധതിയുടെ ഗുണങ്ങളും നേട്ടങ്ങളും വിശദീകരിച്ചും പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയുമുള്ള ലഘുലേഖാ വിതരണമാണ് വീടുകൾ തോറും ഇന്നലെ സി.പി.എം ആരംഭിച്ചത്. ഇന്നും നാളെയും തുടരും.

സെമി ഹൈസ്പീഡ് റെയിലി(സിൽവർ ലൈൻ) നോടുള്ള എതിർപ്പിനു പിന്നിൽ വികസനത്തെ അട്ടിമറിക്കാനുള്ള യു.ഡി.എഫ്- ബി.ജെ.പി- ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് സി.പി.എമ്മിന്റെ വാദം. സമ്പൂർണ ഹരിത പദ്ധതിയാണിത്. പരിസ്ഥിതി ലോലപ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലയിലൂടെയോ ഇത് കടന്നുപോകുന്നില്ല. കൃഷിഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷമലിനീകരണം കുറവാണ്.

കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിത്. നിർമ്മാണസമയത്ത് അര ലക്ഷത്തോളം പേർക്കും പൂർത്തീകരണ വേളയിൽ പതിനായിരത്തോളം പേർക്കും തൊഴിൽ ലഭിക്കും.

സെമി ഹൈസ്പീഡ് റെയിൽ കടന്നുപോകുന്ന 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ഭാഗത്തും ആകാശപാതയാണ്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ പാലങ്ങളും കൾവർട്ടുകളുമുണ്ടാകും. കേരളത്തിനു പുറത്ത് ശരാശരി 102കി.മീ. വേഗത്തിലോടുന്ന രാജധാനി എക്സ്‌പ്രസ് കേരളത്തിലെ പാതകളിൽ 57 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.

പദ്ധതിയുടെ മറ്റു ഗുണങ്ങൾ

2010-11കാലത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ആറ് ലക്ഷമായിരുന്നത് 2016-18ൽ 1.20കോടിയായി ഉയർന്നു. സെമി ഹൈസ്പീഡ് റെയിൽ വരുന്നതോടെ പ്രതിദിനം റോഡുപയോഗിക്കുന്ന 43,000 പേർ അതിലേക്കു മാറും. 13,000 വാഹനങ്ങൾ ആദ്യവർഷം തന്നെ റോഡിൽ നിന്നൊഴിവാകും. 530കോടിയുടെ പെട്രോൾ, ഡീസൽ ഇന്ധനം പ്രതിവർഷം ലാഭിക്കാനാകുമെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.