photo

നെടുമങ്ങാട്: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന പഴകുറ്റിയിലെ പൈതൃകപ്പാലം ഒടുവിൽ ഓർമയായി. എം.സി റോഡിനെയും തെങ്കാശി അന്തർസംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന നെടുമങ്ങാട് - മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പാലം പൊളിച്ചുനീക്കിയത്. മുമ്പ് മലഞ്ചരക്കുമായി വരുന്ന കാളവണ്ടികൾ തമ്പടിച്ചിരുന്ന ഇവിടെ പാലവും വിളക്കുമരവും ചുമടുതാങ്ങിയും തൊഴിലാളികൾക്ക് ദാഹമകറ്റാനുള്ള കുളവും ഉണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പാലം മാത്രം ബാക്കിയായി. അടിയന്തരാവസ്ഥ സമയത്ത് ഇന്ദിരാഗാന്ധി ഉൾപ്പടെയുള്ള ദേശീയനേതാക്കൾ പഴകുറ്റി പാലം കടന്ന് നെടുമങ്ങാട് എത്തിയിട്ടുണ്ട്. പ്രസിദ്ധമായ ചന്തസമരത്തിന്റെ ഭാഗമായുള്ള ചെറുജാഥകൾ പുറപ്പെട്ടതും ഇവിടെനിന്നാണ്.

വാഹനങ്ങൾ ഏറിയതോടെ വീതി കുറഞ്ഞ പാലത്തിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം ക്രമീകരിച്ചെങ്കിലും പാലത്തിന്റെ ഇതും ഫലംകണ്ടില്ല. ഏറെക്കാലമായി നാട്ടുകാർ കാത്തിരുന്ന പഴകുറ്റി - വെമ്പായം- മംഗലപുരം റോഡ് നവീകരണത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമാനമായത്. കഴിഞ്ഞ ദിവസം ജനപ്രതിനിധികളുടെയും മരാമത്ത് അധികൃതരുടെയും സാന്നിദ്ധ്യത്തിലാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ കിള്ളിയാറിനു കുറുകെ താത്‌കാലിക നടപ്പാലം നിർമ്മിച്ചിട്ടുണ്ട്..