കുറ്റിച്ചൽ: ആദിവാസികളുടെ ആരാധനാ ക്ഷേത്രമായ കോട്ടൂർ മുണ്ടണിമാടൻ തമ്പുരാൻ ക്ഷേത്രത്തിൽ ഗുണ്ടകൾ അതിക്രമം നടത്തിയതായി പരാതി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ സംഘം ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയും ക്ഷേത്ര സാമഗ്രികൾ അടിച്ചുതകർക്കുകയും ക്ഷേത്രത്തിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന റഷീദ് എന്നയാളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു.
ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന ആദിവാസിയായ ക്ഷേത്രജീവനക്കാരി മാധവിക്കാണിയെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. ശ്രീകോവിന് മുന്നിൽ പൂജയ്ക്കായി ഒരുക്കിവച്ചിരുന്ന സാധനങ്ങളും പൊങ്കാല അടുപ്പുകളും അക്രമികൾ വലിച്ചെറിഞ്ഞു. ക്ഷേത്രവസ്തുക്കൾ നശിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്താനും ശ്രമിച്ച സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ക്ഷേത്ര എക്‌സിക്യുട്ടീവ് ട്രസ്റ്റി ആർ. വിനോദ് കുമാർ നെയ്യാർഡാം സി.ഐക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നെയ്യാർ ഡാം ഇൻസ്‌പെക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.