
തിരുവനന്തപുരം: സർക്കാരുമായി ഏറ്റുമുട്ടൽ ഉദ്ദേശിക്കുന്നില്ലെന്നും, ചാൻസലർ പദവിയിൽ തുടരില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. കോവളത്ത് മീഡിയാ അക്കാഡമി അവാർഡ് വിതരണം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരുമായി നല്ല ബന്ധമാണ് താൻ ആഗ്രഹിക്കുന്നത്. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. ഗവർണർ തന്നെ ചാൻസലറാകണമെന്നത് ഭരണഘടനാപരമല്ല. സർവകലാശാലകൾക്ക് സർക്കാർ പൂർണ പിന്തുണ ഉറപ്പാക്കണം . ഇനിയും തെറ്റ് തുടരാൻ വയ്യ. ധാർമ്മികതക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നു. അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. സർവകലാശാലാ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് തന്റെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും ഗവർണർ പറഞ്ഞു.