
നെയ്യാറ്റിൻകര: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവൻ മിഷന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ശേഷിക്കുന്ന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതിനുമായി അതിയന്നൂർ, കാരോട് പഞ്ചായത്തുകളിൽ റിവ്യൂ മീറ്റിംഗുകൾ സംഘടിപ്പിച്ചു.
കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളുകളിൽ ചേർന്ന റിവ്യൂ മീറ്റിംഗുകളിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ, പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അതിയന്നൂർ പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കൂടുതലായി വേണ്ടിവരുന്ന വെള്ളത്തിനുമായി നിർമ്മാണം പുരോഗമിക്കുന്ന അതിയന്നൂർ കുടിവെള്ള പദ്ധതി സഹായകരമാകുന്നതാണെന്ന് യോഗം വിലയിരുത്തി. കാരോട് കുടിവെള്ള പദ്ധതി ടെൻഡർ നടപടികളിലാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിയുന്നതാണെന്നും യോഗം വിലയിരുത്തി.