
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ടി.എസ് റോഡ് തകർന്നിട്ട് മാസങ്ങൾ കഴിയുന്നു. റോഡ് ടാർചെയ്ത് യാത്രാക്ലേശം ഒഴിവാക്കണമെന്ന് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും, എം.എൽ.എയ്ക്കും നഗരസഭയ്ക്കും പലകുറി നിവേദനങ്ങൾ നൽകിയിട്ടും ആരും ശ്രദ്ധിക്കുന്നില്ലെന്ന് പരാതി.
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നിന്ന് പാലസ് റോഡിലെത്താനുള്ള ഇടറോഡാണിത്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിന്ന് നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.
ഈ റോഡ് വർഷങ്ങൾക്ക് മുൻപും വിവാദത്തിൽപ്പെട്ടിരുന്നു. അന്ന് റോഡിന്റെ ചില ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇന്റർലോക്ക് ചെയ്തു. പണികഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് ഇന്റർലോക്ക് ഇളകി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. യാത്രാക്ലേശം അനുഭവിച്ച ജനം സമര പരിപാടികളുമായി രംഗത്തെത്തിയതോടെയാണ് വീണ്ടും ഇന്റർലോക്ക് ചെയ്ത് പ്രശ്നം പരിഹരിച്ചത്. ഇന്റർലോക്ക് ചെയ്ത ഭാഗങ്ങൾ ഒഴിച്ച് ടാർ ചെയ്തിരുന്ന ഭാഗം പൂർണമായും തകർന്നിരിക്കുകയാണിപ്പോൾ.
ബുദ്ധിമുട്ടിലായി യാത്രക്കാർ
ഈ റോഡ് സൈഡിലാണ് ആറ്റിങ്ങൽ ഡയറ്റ് സ്കൂളും ടൗൺ യു.പി.എസും സ്ഥിതിചെയ്യുന്നത്. കൊവിഡ് കാലം കഴിഞ്ഞ് സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നതോടെയാണ് ബുദ്ധിമുട്ടുകൾ ഏറിയത്. റോഡിൽ പലഭാഗത്തും ടാറിളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ദുരിതത്തിലായി വ്യാപാരികൾ
ഈ റോഡ് കേന്ദ്രീകരിച്ച നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. കസ്റ്റമേഴ്സിന് കടകളിൽ വന്നുചേരാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ എം.പിയുടെ ഓഫീസ് സ്ഥിതിചെയ്യുന്നതും ഈ റോഡിന് സമീപത്തെ കെട്ടിടത്തിലാണ്.