
നെയ്യാറ്റിൻകര: പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ വഴിയോര കച്ചവടവും അനധികൃത പാർക്കിംഗും. അധികൃതരുടെ കണ്ണിന് മുന്നിൽ പച്ചയായ നിയമലംഘനം അരങ്ങേറിയിട്ടും നടപടികൾ ഇനിയും അകലെയാണ്.
ബസുകൾ സ്റ്റാൻഡിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് സമീപമാണ് പൂക്കടകളും പച്ചക്കറി കടകളും മീൻകടകളും അടക്കമുള്ളവ നടപ്പാത കൈയേറി നടക്കുന്നത്. ഇതിന് സമീപത്തുതന്നെയാണ് ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ പാർക്ക് ചെയ്യുന്നതും. സ്റ്റാൻഡിന് മുൻവശത്തു തന്നെയാണ് ഓട്ടോറിക്ഷാ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത്.
ചുരുക്കത്തിൽ കാൽനടയാത്രികർക്കും വാഹനങ്ങൾക്കും അസഹനീയമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾക്ക് സുഗമമായി കയറുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നു. തിരക്ക് കാരണമുള്ള അപകടങ്ങളും പതിവായിരിക്കുകയാണ്. സ്റ്റാൻഡിന് മുന്നിലെ വഴിയോര കച്ചവടം കാരണം കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിലും തൊട്ടടുത്ത നഗരസഭയുടെ അക്ഷയ വാണിജ്യ സമുച്ചയത്തിലുമായി വൻതുക അഡ്വാൻസും വാടകയും നൽകി കടകളെടുത്ത് വ്യാപാരം നടത്തുന്നവർക്ക് കടുത്ത പ്രതിസന്ധിയാണ്.
നഗരസഭയ്ക്ക് നികുതി നൽകി നിയമാനുസൃതം കടകളെടുത്ത് കച്ചവടം നടത്തുന്നവരുടെ സ്ഥാപനങ്ങളിലേക്ക് നിലവിൽ ആരും എത്താത്ത സ്ഥിതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും ഇവിടേക്ക് തിരഞ്ഞുനോക്കാറില്ല.
അമ്മൻകാവിലിന് മുന്നിലെ മാർക്കറ്റിൽ നിന്ന് കുടിയിറക്കപ്പെട്ട
കച്ചവടക്കാർക്ക് ടി.ബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചന്തയിൽ വ്യാപാരം നടത്താനാണ് നഗരസഭ സൗകര്യം ഒരുക്കി നൽകിയത്. എന്നാൽ ഇതിനായി വാടക നൽകാനുള്ള ബുദ്ധിമുട്ട് കാരണമാണ് പലരും വഴിയോര വാണിഭം തിരഞ്ഞെടുക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ടി.ബി ജംഗ്ഷനിലെയും ചന്ത പ്രവർത്തിക്കുന്നത് റോഡിലാണ്. ഒരു വിഭാഗം കച്ചവടക്കാർ ഗ്രാമം ജംഗ്ഷനിലെ ദേശീയപാതയോരത്തും ഇത്തരത്തിൽ കച്ചവടം നടത്തുന്നുണ്ട്.