വർക്കല: 89ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് ഇന്ന് മുതൽ ജനുവരി 1 വരെ വർക്കലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വർക്കല ഡിവൈ.എസ്.പി പി. നിയാസ്, സി.ഐ. ബി.എസ്. പ്രശാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ ചുവടെ

കല്ലമ്പലം ഭാഗത്തുനിന്ന് വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ നരിക്കല്ല് മുക്ക് ജംഗ്ഷനിൽ നിന്നോ പാലച്ചിറ ജംഗ്ഷനിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് വട്ടപ്പാമൂട് ജംഗ്ഷൻ വഴി എസ്.എൻ കോളേജിന് മുൻവശത്തെത്തി തീർത്ഥാടകരെ ഇറക്കിയശേഷം വലിയ വാഹനങ്ങൾ ശിവഗിരി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും ശിവഗിരി കോളേജിന് പിറകുവശം സെൻട്രൽ സ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ശിവഗിരി ഹൈസ്‌കൂൾ നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

പാരിപ്പള്ളി ഭാഗത്തുനിന്ന് വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ കടമ്പാട്ടുകോണം ജംഗ്ഷനെത്തുന്നതിനു മുമ്പ് മുക്കട ഭാഗത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് അയിരൂർ നടയറ എത്തി ഇടത്തോട്ടു തിരിഞ്ഞ് ശിവഗിരി കോളേജിന് മുൻവശമെത്തി തീർത്ഥാടകരെ ഇറക്കിയശേഷം വലിയ വാഹനങ്ങൾ ശിവഗിരി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും ശിവഗിരി കോളേജിന് പുറകുവശം സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ശിവഗിരി ഹൈസ്‌കൂൾ, നഴ്സിംഗ് കോളേജ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

അഞ്ചുതെങ്ങ് കടയ്‌ക്കാവൂർ ഭാഗത്തുനിന്ന് വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ പുത്തൻചന്ത ജംഗ്ഷനെത്തുന്നതിനുമുമ്പ് മൂന്നുമുക്ക് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മരക്കടമുക്ക് വഴി പാലച്ചിറ ജംഗ്ക്ഷനിൽ വന്ന് ഇടത്തേക്ക് തിരിഞ്ഞ് വട്ടപ്ലാമൂട് ജംഗ്ഷൻ വഴി ശിവഗിരി കോളേജിന് മുൻവശമെത്തി തീർത്ഥാടകരെ ഇറക്കണം. വലിയ വാഹനങ്ങൾ ശിവഗിരി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും ശിവഗിരി കോളേജിന് പുറകുവശം സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ശിവഗിരി ഹൈസ്‌കൂൾ, നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഡ്രൈവർ, ക്ലീനർ എന്നിവർ വാഹനത്തിലുണ്ടാകുകയോ ഇവരുടെ മൊബൈൽ നമ്പരുകൾ കാണത്തക്കരീതിയിൽ വാഹനത്തിന്റെ മുൻവശത്ത് പതിക്കുകയോ ചെയ്യണം. തീർത്ഥാടകരുമായി എത്തുന്ന ഇരുചക്ര വാഹനങ്ങൾ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നഴ്സിംഗ് ഹോസ്റ്റലിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഇടവ - കാപ്പിൽ ഭാഗത്തുനിന്ന് തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾ പുന്നമൂട്, നടയറ, ശിവഗിരി കോളേജ് ഭാഗം വഴിയും അല്ലെങ്കിൽ വർക്കല മൈതാനം -ആയുർവേദ ആശുപത്രി ജംഗ്ഷൻ, പാലച്ചിറ വഴി, ശിവഗിരി കോളേജിന് മുൻവശത്തെത്തി തീർത്ഥാടകരെ ഇറക്കിയശേഷം വലിയ വാഹനങ്ങൾ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും കോളേജിന് പിറകുവശം സെൻട്രൽ സ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ശിവഗിരി ഹൈസ്കൂൾ, നഴ്സിംഗ് കോളേജ്, കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

31ന് വെളുപ്പിന് 5 മുതൽ വർക്കല റെയിൽവേ സ്റ്റേഷൻ, മൈതാനo, ആയുർവേദ ആശുപത്രി, പുത്തൻചന്ത, പാലച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

ഗുരുകുലം ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് ജംഗ്ഷൻ വരെയും മട്ടു ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് ജംഗ്ഷൻ വരെയുള്ള റോഡിന് ഇരുവശവും നടയറ തൊടുവെ റോഡിലും പാർക്കിംഗും വഴിയോര കച്ചവടം അനുവദിക്കുന്നതല്ല.

തീർത്ഥാടനത്തോടനുബന്ധിച്ച് മട്ടു ജംഗ്ഷനിൽ നിന്നും ഗുരുകുലം ജംഗ്ഷനിൽ നിന്നും ശിവഗിരിയിലേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. വഴിയോരക്കച്ചവടം, ഭിക്ഷാടനം എന്നിവ നിരോധിച്ചിട്ടുണ്ട്. തീർത്ഥാടനത്തിനെത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. അസുഖ ലക്ഷണമുള്ളവർ തീർത്ഥാടനത്തിൽ നിന്ന് വിട്ടുനിൽക്കണം. തീർത്ഥാടനത്തിനെത്തുന്നവർക്ക് വിവിധ തലങ്ങളിൽ ആരോഗ്യ പ്രവർത്തകർ പൊലീസുമായി ചേർന്ന് സംയുക്തമായി പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ സ്ഥലത്തുനിന്ന് മാറ്റിയശേഷം ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധന നടത്തി നിരീക്ഷണത്തിൽ പാർപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി വനിതാ പൊലീസ് ഉൾപ്പെടെ 600ഓളം പൊലീസുകാരെ വിന്യസിക്കും.