kadakkavoor

കടയ്ക്കാവൂർ: തീരപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഒരേ ഒരു എ.ടി.എം തകരാറിലായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. അഞ്ചുതെങ്ങ് ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള കാനറാ ബാങ്കിന്റെ എ.ടി.എമ്മാണ് രണ്ട് മാസത്തിലേറെയായി പ്രവർത്തനരഹിതമായിരിക്കുന്നത്. എ.ടി.എമ്മിൽ നിന്ന് തുക പിൻവലിക്കാൻ കഴിയാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

മാസങ്ങൾക്ക് മുൻപ് എ.ടി.എമ്മിൽ പൈസ നിറയ്ക്കാനെത്തിയ സംഘം എ.ടി.എമ്മിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനെ തുടർന്ന് പണം നിറയ്ക്കാതെ തിരികെ പോയിരുന്നു. ആഴ്ചകൾക്ക് ശേഷം ഏതാനും ചിലർ വീണ്ടും എ.ടി.എമ്മിൽ എത്തിയിരുന്നുവെങ്കിലും അവർ ഷട്ടർ പകുതി താഴ്ത്തിയിട്ട് മടങ്ങുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. എ.ടി.എം പണിമുടക്കി മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാനുള്ള ശ്രമം ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.