
ആര്യനാട്: വനിതാ ശിശുവികസന വകുപ്പ്, ആര്യനാട് ഗ്രാമ പഞ്ചായത്ത്, ഐ.സി.ഡി.എസ് വെള്ളനാട് അഡിഷണൽ ആര്യനാട് ഓഫീസിന്റെയും നേതൃത്വത്തിൽ പൊതുഇടം എന്റേതും എന്ന പേരിൽ രാത്രികാല സ്ത്രീ നടത്തം സംഘടിപ്പിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ നിന്ന് രാത്രി 10ഓടെ ആരംഭിച്ച നടത്തം 11.30ഓടെ ആര്യനാട് ഗാന്ധിസ്ക്വയറിൽ സമാപിച്ചു. സ്ത്രീകൾ കൂട്ടമായി സഞ്ചരിക്കാതെ രണ്ട് പേർ വച്ചാണ് നടന്നത്. ഇവരുടെ സുരക്ഷയ്ക്കായി ആര്യനാട് എസ്.എച്ച്.ഒ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എല്ലാ പ്രദേശത്തും സ്കൂട്ടറുകളിൽ പട്രോളിംഗും നടത്തി.
ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ കെ. ലേഖ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ഹരിസുധൻ, പറണ്ടോട് ഷാജി, ആര്യനാട് എസ്.എച്ച്.ഒ എൻ.ആർ. ജോസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സൂപ്പർ വൈസർ ടി. സന്ധ്യ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ വനിതാ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.