പാലോട്: ഗ്രാമസമൃദ്ധി പദ്ധതിയിലൂടെ 7 ശതമാനം കാർഷിക വായ്പയുമായി പാലോട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് വായ്പാ വിതരണത്തിനായി ലക്ഷ്യമിടുന്നത്.
കാർഷിക വായ്പയ്ക്ക് പുറമേ ദീർഘകാല വായ്പകളും ബാങ്ക് വിതരണം ചെയ്യുന്നുണ്ട്. 40 കോടി രൂപയാണ് ഇതിനുവേണ്ടി മാറ്റി വയ്ക്കുന്നത്. വാണിജ്യം, വ്യവസായം, ഭവനനിർമാണം - പുനരുദ്ധാരണം, ഫാം (പശു, ആട്, കോഴി), ടൂറിസം തുടങ്ങിയ എല്ലാ മേഖലയ്ക്കും ദീർഘകാല വായ്പ നൽകുന്നു.
10. 85 ശതമാനം പലിശ നിരക്കിൽ പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് കാലാവധി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും സഹകാരികളെയും നാടിനെയും ചേർത്ത് പിടിക്കുന്ന സമീപനമാണ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ബാങ്കിന്റെ പ്രവർത്തനം ഭൗതികമായി മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് പ്രവർത്തനങ്ങളെ ഘട്ടംഘട്ടമായി ഹൈടെക്കാക്കുകയാണ്.
ഇതിന്റെ ഭാഗമായി വെള്ളനാട്, നെടുമങ്ങാട് ബ്രാഞ്ചുകൾ നവീകരിച്ചു. ബാങ്കിന്റെ തുടർപ്രവർത്തനങ്ങളിലും സഹകാരികളുടെയും സുമനസുകളുടെയും പിന്തുണയുണ്ടാകണമെന്ന് പ്രസിഡന്റ് എസ്. സഞ്ജയൻ, സെക്രട്ടറി ആർ. വൈജുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.