
തിരുവനന്തപുരം: തെരുവുകച്ചവടക്കാർക്ക് സംസ്ഥാനത്തെ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് പി.എം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി (പി.എം സ്വാനിധി) പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നതിന് മുദ്രപ്പത്ര വില പൂർണമായി ഒഴിവാക്കി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊവിഡ് ലോക്ക്ഡൗണിൽ തകർന്ന തെരുവു കച്ചവടക്കാരുടെ പുനർജീവനം ഉറപ്പാക്കാനായാണ് പി.എം സ്വാനിധി പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്. പദ്ധതിയനുസരിച്ച് കേരളത്തിലെ തെരുവുകച്ചവടക്കാർക്ക് കൂടുതൽ വായ്പ ലഭ്യമാക്കാനായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതുവഴി കൂടുതൽ തെരുവുകച്ചവടക്കാർക്ക് പുനരുജ്ജീവന വായ്പ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളും വായ്പയ്ക്കുള്ള മുദ്രപ്പത്ര വില ഒഴിവാക്കിയിരുന്നു.