വെഞ്ഞാറമൂട്: 24 മണിക്കൂർ നേരത്തെ ആശങ്കയ്‌ക്കൊടുവിൽ പുല്ലമ്പാറ പാണയത്തിൽ നിന്ന് കാണാതായ

കുട്ടികളെ പാണയം വനാതിർത്തിയിൽ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് 14 വയസുള്ള രണ്ട് കുട്ടികളും 11 വയസുള്ള ഒരു കുട്ടിയെയും വീടുകളിൽ നിന്ന് കാണാതായത്.

ഇവർ വീട്ടിലുണ്ടായിരുന്ന സമ്പാദ്യക്കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന പൈസയുമെടുത്ത് സ്‌കൂൾ ബാഗിൽ വസ്ത്രങ്ങളുമായാണ് പുറപ്പെട്ടത്. വീട്ടിൽ നിന്ന് ഒരു ദിവസം മാറി നിൽക്കാനുള്ള പ്ലാനായിരുന്നെന്നും അന്വേഷിക്കുന്നെന്ന് മനസിലായതോടെയാണ് പൊലീസിനെയും രക്ഷിതാക്കളെയും പേടിച്ച് കാട്ടിലേക്ക് ഓടിക്കയറിയതെന്നും കുട്ടികൾ വെഞ്ഞാറമൂട് പൊലീസിനോട് പറഞ്ഞു. ഇതിൽ ഒരു കുട്ടി ഇതിനു മുമ്പും വീടുവിട്ട് പോയിട്ടുണ്ടെന്നാണ് വിവരം.

വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികൾ വീടിനടുത്തുള്ള പനവൂർ ജംഗ്ഷനിലെ ബേക്കറിയിൽ നിന്ന് ജ്യൂസും മിഠായിയും വാങ്ങിയശേഷം ഒരു കുട്ടിയുടെ അമ്മൂമ്മയുടെ വീട്ടിലെത്തി. ചായ്പ്പിൽ സ്‌കൂൾ ബാഗ് വച്ചശേഷം ടെറസിൽ കിടന്നുറങ്ങുകയും ചെയ്‌തു. ഈ സമയം രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ബാഗ് എടുക്കാനെത്തിയപ്പോൾ അമ്മൂമ്മ കണ്ടെന്ന് സംശയിച്ച് സമീപത്തെ വനത്തിലേക്ക് പോകുകയായിരുന്നു.

പ്രദേശത്ത് തന്നെ ബാഗും ചെരുപ്പും കണ്ടതോടെ വനപാലകരും പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. കോടതിയിലെത്തിച്ച ശേഷം കുട്ടികളെ രക്ഷിതാക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.